തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ പ്രചാരണത്തിനുള്ള മുന്നറിയിപ്പ് ; പാളയം ഇമാം

തിരുവനന്തപുരം: ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാളയം ഇമാം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ പ്രചാരണത്തിനുള്ള കനത്ത മുന്നറിയിപ്പാണ്. ഭിന്നിപ്പിച്ചു ഭരിക്കാനാകില്ലെന്ന സന്ദേശമാണ് ജനം നല്‍കിയത്. വര്‍ഗീയത ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാകില്ലെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പെരുന്നാള്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.

അധികാരത്തിലെത്തിപ്പെടാന്‍ മതേതര ശക്തികള്‍ക്ക് സാധ്യമായിട്ടില്ല എങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് വര്‍ഗീയതയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് സാധ്യമായി എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത. മതേതരമുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസകരമാണ്. വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹത്തിന്റെ കട തുറന്ന രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. രാജ്യത്തിന്റെ സുമനസ്സുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കൊണ്ട് സാധ്യമായി.

വര്‍ഗീയ അജണ്ട ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാകില്ല എന്നു തെളിയിച്ചു കഴിഞ്ഞു. ഇന്നത്തെ പെരുന്നാളില്‍ മതേതരത്വം പുഞ്ചിരിക്കട്ടെ. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും പാളയം ഇമാം പറഞ്ഞു. സൗഹൃദ നിലപാടുമായി മുന്നോട്ടുപോകാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്. ബാബറി മസ്ജിദിന്റെ പേര് എന്‍സിഇആര്‍ടി ടെസ്റ്റ് ബുക്കില്‍ നിന്നും നീക്കം ചെയ്തിരിക്കയാണ്. ചരിത്രത്തെ കാവിവല്‍ക്കരിക്കുന്നതില്‍ നിന്നും എന്‍സിഇആര്‍ടി പിന്മാറണമെന്നും വിപി സുഹൈബ് മൗലവി ആവശ്യപ്പെട്ടു.

കുട്ടികള്‍ ശരിയായ ചരിത്രം പഠിക്കണം. വര്‍ഗീയത കൊണ്ടോ വര്‍ഗീയ അജണ്ട കൊണ്ടോ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നും പാളയം ഇമാം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോണത്തെയും പാളയം ഇമാം ഈദ് സന്ദേശത്തില്‍ വിമര്‍ശിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പല കോണുകളില്‍ നിന്നും പല ആളുകളും പറയുന്നു. ഒരു നുണ 100 തവണ പറഞ്ഞാല്‍ അത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കും. ജാതി സെന്‍സസ് നടപ്പിലാക്കണം. കേന്ദ്രം നടപ്പിലാക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറാകണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*