നാളെ ഓശാന ഞായർ; വിശുദ്ധ വാരാചരണത്തിനു തുടക്കം, അതിരമ്പുഴ സെന്റ് മേരീസ് ദേവാലയം ഒരുങ്ങി

അതിരമ്പുഴ: യേശുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം നാളെ ഓശാന ആചരിക്കും. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജെറുസലേം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും ഈ ദിവസത്തെ മനോഹരമായ കാഴ്ചകളാണ്. വിശുദ്ധ വാരാചരണത്തിനു നാളത്തെ ചടങ്ങുകളോടെ തുടക്കമാകും.

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ നാളെ രാവിലെ ആറിന് ചെറിയപള്ളിയിൽ ആരംഭിക്കും. തുടർന്ന് വലിയപള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടക്കും തുടർന്ന് വലിയ പള്ളിയിൽ വിശുദ്ധ കുർബാന.  രാവിലെ 9.45നും വൈകുന്നേരം 4.15 നും 6.15നും വിശുദ്ധ കുർബാന . തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് ആരാധന ആരംഭിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനും ബുധനാഴ്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തെ തുടർന്ന് രാത്രി ഏഴിനും ആരാധന സമാപിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ യുവദീപ്തി എസ്എംവൈഎം അതിരൂപതാ ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ നയിക്കുന്ന യുവജന ധ്യാനം, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, കാൽ കഴുകൽ ശുശ്രൂഷ, തുടർന്ന് ആരാധന.

പീഢാനുഭവ വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചക്ക് 12.30 വരെ ആരാധന. ഇടവകാംഗങ്ങൾ കൂട്ടായ്മ അടിസ്ഥാനത്തിൽ കുരിശിന്റെ വഴി നടത്തി വലിയ പള്ളിയിലെത്തി ആരാധനയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പീഢാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. അഞ്ചിന് വലിയ പള്ളിയിൽനിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി നഗരം ചുറ്റി വലിയ പള്ളിയിൽ തിരികെയെത്തി സമാപിക്കും. പീഢാനുഭവ ശനിയാഴ്ച രാവിലെ 9.30ന് പൊതു മാമോദീസ നടക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പുത്തൻ വെള്ളവും പുത്തൻ തീയും വെഞ്ചരിപ്പും നടക്കും. ഉയിർപ്പു ഞായറാഴ്ച വെളുപ്പിന് 2.30ന് ഈസ്റ്റർ തിരുക്കർമങ്ങൾ ആരംഭിക്കും. അന്നേ ദിവസം രാവിലെ ആറിനും,  എട്ടിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 

തിരുക്കർമങ്ങൾക്ക്‌ വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അസ്സി. വികാരിമാരായ ഫാ. സാജൻ പുളിയ്ക്കൽ, ഫാ. സച്ചിൻ കുന്നത്ത്‌, ഫാ. നൈജിൽ തൊണ്ടിക്കാംകുഴിയിൽ,  ഫാ. ബിനിൽ പഞ്ഞിപ്പുഴ എന്നിവർ നേതൃത്വം നൽകും. 

 

Be the first to comment

Leave a Reply

Your email address will not be published.


*