പാലക്കാട് ഡ്യൂട്ടിക്ക് പോയി കാണാതായ പനമരം സിഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി

തിരുവനന്തപുരം: കാണാതായ വയനാട് പനമരം സിഐ കെ.എ എലിസബത്തിനെ കണ്ടെത്തി. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്.

പാലക്കാട് ഫാസറ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ തുടർന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫായിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോടായിരുന്നു കൽപ്പറ്റയിലെ ബസ് സ്റ്റാൻഡിൽ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞത്.

പാലക്കാടെത്തിയെന്ന വിവരം കിട്ടിയതിന് പിന്നാലെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് തിരച്ചിൽ തുടങ്ങിയിരുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് എലിസബത്ത് പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയതായിട്ടായിരുന്നു കണ്ടെത്തിയത്.

പാലക്കാട്ടേക്ക് യാത്ര തുടങ്ങിയ സിഐ എങ്ങനെ തിരുവനന്തപുരത്ത് എത്തി എന്ന് പൊലീസ് അന്വേഷിക്കും. എലിസബത്ത് മേലുദ്യോഗസ്ഥരിൽ നിന്നും ജോലി സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ സൂചന നൽകുന്നുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.  ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. 

Be the first to comment

Leave a Reply

Your email address will not be published.


*