പന്നു വധശ്രമക്കേസ്; നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് ചെക്ക് പരമോന്നത കോടതി

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പ്ത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാന്‍ അനുമതി നല്‍കിയ കീഴ്‌കോടതികളുടെ ഉത്തരവുകള്‍ സ്റ്റേ ചെയ്ത് ചെക്ക് റിപ്പബ്ലിക്കിൻ്റെ പരമോന്നത കോടതി. നടപടി വൈകുന്നത് പൊതുതാല്‍പ്പര്യത്തെ ബാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

പന്നുവിനെ അമേരിക്കയില്‍ വെച്ചായിരുന്നു വധിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥൻ്റെ ആവശ്യപ്രകാരം പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചന നിഖില്‍ നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ജൂണ്‍ 30ന് പ്രാഗിലെത്തിയ നിഖിലിനെ അമേരിക്കയുടെ നിർദേശപ്രകാരമായിരുന്നു ചെക്ക് സർക്കാർ കസ്റ്റഡിയിലെടുത്തത്. ക്രിമിനല്‍ നടപടികള്‍ക്കായി അമേരിക്കയ്ക്ക് കൈമാറുന്നത് മാറ്റാരേക്കാളും നിഖിലിന് ദോഷം ചെയ്യുമെന്ന് 2024 ജനുവരി 20ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ഭരണഘടനാ കോടതി പറയുന്നു.

നിഖില്‍ ഗുപ്ത നല്‍കിയ പരാതിയില്‍ ഭരണഘടനാ കോടതി നിലപാട് സ്വീകരിക്കുന്നതു വരെ തീരുമാനമെടുക്കാന്‍ നിയമമന്ത്രിക്ക് കഴിയില്ലെന്ന് ചെക്ക് നിയമമന്ത്രാലയം വക്താവ് മാർക്കെറ്റ അന്‍ഡ്രോവ പറഞ്ഞു. അമേരിക്കയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട പ്രാഗിലെ മുന്‍സിപ്പല്‍ കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ക്കെതിരെ ജനുവരി 19നാണ് നിഖില്‍ പരമോന്നത കോടതിയെ സമീപിച്ചത്.

വിവാദ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് നിർത്തിവെക്കുക എന്നതിനർഥം ഭരണഘടനാ കോടതിക്ക് വിഷയം പഠിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്നതിനാലാണെന്ന് ചെക്ക് ഭരണഘടനാ കോടതിയുടെ എക്‌സ്റ്റേണല്‍ റിലേഷന്‍സ് ആന്‍ഡ് പ്രോട്ടോക്കോള്‍ ഡിപ്പാർട്ട്മെന്റ് ഹെഡ് പാവല്‍ ദ്വോറക്ക് പറഞ്ഞു. കൈമാറ്റം സംബന്ധിച്ചുള്ള വിഷയത്തില്‍ കോടതി എന്നായിരിക്കും വിധിപറയുക എന്നതില്‍ കൃത്യമായൊരു സമയം പറയാനാകില്ലെന്നും നിയമമന്ത്രാലയം വക്താവ് അറിയിച്ചു. കേസിൻ്റെ സങ്കീർണതയും കോടതിയുടെ ജോലിഭാരവും കണക്കിലെടുത്തായിരിക്കും പരിഗണിക്കുക എന്നും അന്‍ഡ്രോവ കൂട്ടിച്ചേർത്തു.

അമേരിക്കയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള കൈമാറ്റ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് നിഖിലിനെ വിട്ടുതരണമെന്ന് ആവശ്യപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ ചെക്ക് ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തിയതായാണ് നിഖില്‍ ആരോപിക്കുന്നത്. പന്നുവിനെ അമേരിക്കയില്‍വെച്ച് വധിക്കാന്‍ മുന്‍ ഇന്ത്യന്‍ ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന്‍ പദ്ധതിയിട്ടെന്ന വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോർട്ട് അടുത്തിടെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു.

റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ (റോ) മുന്‍ ഉദ്യോഗസ്ഥനായ വിക്രം യാദവിനെതിരെയായിരുന്നു റിപ്പോർട്ടിലെ ആരോപണം. തീവ്രവാദിയെന്ന് ഇന്ത്യ മുദ്രകുത്തിയ പന്നുവിനെ വധിക്കുന്നതിനായി ഒരു സംഘത്തെ തന്നെ വിക്രം യാദവ് ചുമതലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട് അവകാശപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*