പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

പാനൂർ വള്ള്യായിയില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ വീട്ടില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍. തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി. വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. 2022 ഒക്ടോബര്‍ 22നാണ് യുവതിയെ കഴുത്തറത്തുകൊന്നത്.

മുന്‍കൂട്ടി പദ്ധതിയിട്ടാണ് ശ്യാംജിക്ക് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് സാധൂകരിക്കുന്നതിനായി സംഭവത്തിന് രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചെതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വീട്ടുകാർ ഇല്ലാത്ത സമയമായിരുന്നു പ്രതി കൃത്യത്തിനായി തിരഞ്ഞെടുത്തത്. വീട്ടിലെത്തി വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തിയതിന് ശേഷം കഴുത്തറക്കുകയായിരുന്നു. മരണശേഷം ശരീരം കുത്തിപ്പരുക്കേല്‍പ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 29 മുറിപ്പാടുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.

ഇതില്‍ 10 എണ്ണം മരണശേഷം സംഭവിച്ചതാണ്.73 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം നടന്ന് ഒരുവർഷം തികയുന്നതിന് മുന്‍പ് തന്നെ കേസില്‍ വിചാരണ ആരംഭിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*