കടലാസ് മുദ്രപ്പത്രങ്ങൾ ഒഴിവാക്കാനൊരുങ്ങുന്നു; കേരളത്തിൽ വസ്തു പ്രമാണം ചെയ്യുന്നത് ഉൾപ്പെടെ പുതിയ രീതിയിലേക്ക്

തിരുവനന്തപുരം: കടലാസ് മുദ്രപ്പത്രങ്ങൾ പൂർണമായും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതോടെ സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുത്തൻ സംവിധാനത്തിലേക്ക് മാറും. ഇക്കാര്യം ചർച്ച ചെയ്യാൻ ആധാരമെഴുത്തുകാരുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഈ മാസം 24ന് ചർച്ച നടത്തും. പുത്തൻ സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികളിലേക്ക് സർക്കാർ കടന്നുകഴിഞ്ഞുവെന്നാണ് ലഭ്യമായ വിവരം.

നിലവിലുള്ള ആധാരമെഴുത്തിന് പകരം പുതിയ ടെംപ്ലേറ്റിലേക്ക് കാര്യങ്ങൾ മാറും. ഇപ്പോൾ 22തരം ആധാരങ്ങളാണ് ഉള്ളത്. അവ പര്യാപ്തമല്ലാത്തതിനാലാണ് പൂർണമായും ഒഴിവാക്കി ടെംപ്ലേറ്റുകളിലേക്ക് മാറുന്നത്. അതോടെ കൂടുതൽ മാതൃകകൾ നിലവിൽ വരികയും ചെയ്യും. ആധാരം ചെയ്യുന്ന വ്യക്തിയുടെ പേര്, വസ്തുവിന്റെ വിവരങ്ങൾ, സാക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങൾ, വസ്തുവിന്റെ മുൻകാല രേഖകളിലെ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാകും.

ആധാരം സംബന്ധിച്ച മറ്റ് വിവരങ്ങളുണ്ടെങ്കിൽ അത് ചേർക്കാനുള്ള പ്രത്യേക കോളമുണ്ടാകും. ഇഷ്ടദാനം, ഭാഗപത്രം ഉൾപ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം. ഇതെല്ലാം ചേർത്ത് ഓൺലൈൻ മുഖേന സബ് റജിസ്ട്രാർക്ക് സമർപ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒടുക്കിയാൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും. ആധാരമെഴുത്തുകാർ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.

ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്പോൾ തൊഴിൽ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചർച്ച. കടലാസ് മുദ്രപ്പത്രങ്ങൾ ഒഴിവാകുന്നതിനൊപ്പം ആധാര രജിസ്ട്രേഷൻ സുതാര്യവും ലളിതവുമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ്  സ്ക്രൈബ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ രണ്ടു പ്രതിനിധികളെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.

 

Be the first to comment

Leave a Reply

Your email address will not be published.


*