കൊച്ചി: പുതുവത്സരത്തെ വരവേല്‍ക്കാനായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പോലീസിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ പുതുവത്സരദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികള്‍ കത്തിക്കും.
സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടിയില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണം. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.
ഫോർട്ടുകൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോർട്ടുകൊച്ചി നിർമ്മിക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിർമ്മാണം തടഞ്ഞു കൊണ്ടാണ് പോലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചുമാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
പുതുവർഷത്തിൽ ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കൽ. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോടനുബന്ധിച്ച് പ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്.
Be the first to comment