പരാക്രം ദിവസ്; രാജ്യം ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം ആഘോഷിക്കുന്നു

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23, പരാക്രം ദിവസ് എന്ന പേരിൽ രാജ്യമെമ്പാടും ആഘോഷിക്കുന്നു. ബംഗാൾ, ജാർഖണ്ഡ്, ത്രിപുര, ആസ്സാം  എന്നീ സംസ്ഥാനങ്ങൾക്ക് ഇതൊരു ദേശീയ അവധി ദിനം കൂടിയാണ്. 2023 ജനുവരി 23 നു നേതാജിയുടെ 127 ആം ജന്മദിനാഘോഷത്തോടെ ഇന്ത്യയുടെ 74 ആം റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കും തുടക്കം കുറിക്കും.

“Give me your blood, and I shall give you freedom” എന്ന നേതാജിയുടെ ആഹ്വാനത്തിന് ദേശാഭിമാനികളായ ജനലക്ഷങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്കു ആകർഷിക്കുവാനുള്ള മാസ്മരികശക്തിയുണ്ടായിരുന്നു. 1897 ജനുവരി 23 നു ഒറീസ്സയിലെ കട്ടക്കിൽ  പ്രഭാവതി ബോസിന്റേയും ജാനകിനാഥ് ബോസിന്റേയും മകനായി ജനിച്ചു, 1913 ഇൽ കൽക്കട്ടയിലെ പ്രശസ്തമായ  പ്രസിഡൻസി കോളേജിൽ നിന്നും ഫിലോസഫിയിൽ  ബിരുദം, ശേഷം സിവിൽ സർവീസ് പരീക്ഷ പഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയെങ്കിലും ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനുള്ള തീവ്രമായ അഭിനിവേശത്താൽ 1921 ഇൽ ഭാരതമണ്ണിലേക്കു തിരിച്ചെത്തുകയായിരുന്നു.

പ്രസിഡൻസി കോളേജിൽ പഠിക്കുന്ന സമയത്തു, ദേശവിരുദ്ധ കാഴ്ചപ്പാടുകൾ വച്ചുപുലർത്തുകയും, ഭാരതീയരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുകയും ചെയ്തിരുന്ന ഒറ്റെൻ എന്ന പ്രൊഫസറെ കൈകാര്യം ചെയ്തതിനു നേതാജിയെ കോളേജിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ബ്രിട്ടീഷുകാരോടുള്ള എതിർപ്പും വിദ്വേഷവും നിസ്സഹകരണവും കാരണം 11 തവണയാണ് നേതാജി ജയിൽ വാസം അനുഭവിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാർക്കെതിരെ തീവ്രമായ സായുധ സമരങ്ങൾക്കു നേതൃത്വം നൽകുകയും അതെ സമയം തന്നെ വളരെ വിപുലമായ ജനസമ്മിതിയും ഉള്ള അപൂർവം നേതാക്കളിൽ ഒരാളായിരുന്ന നേതാജി ബ്രിട്ടുഷുകാർക്കു ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു.

1942 ഇൽ ഇന്ത്യൻ സൈനികരാണ് സുഭാഷ് ചന്ദ്ര ബോസിന് ആദരണീയനായ നേതാവ് എന്നർത്ഥമുള്ള നേതാജി എന്ന  സ്ഥാനം നൽകിയത്. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചപ്പോൾ, രാജ്യത്തിനുവേണ്ടി പോരാടാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്നും അതിനായി സ്ത്രീകളെ ആർമിയിൽ ഉൾപ്പെടുത്തണം എന്നുമുള്ള പുരോഗമനപരമായ ആശയം പ്രാവർത്തികമാക്കിയ ദീർഘവീക്ഷണമുള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം.

നേതാജിയുടെ മരണം വിമാനാപകടത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കാൻ തയ്യാറാകാത്തവരാണ് അദ്ദേഹത്തിന്റെ അനുയായികളിൽ അധികവും. ചുരുളഴിയാത്ത ആ മരണത്തിന്റെ രഹസ്യങ്ങൾ ഡൽഹിയിലെ ഏതോ സർക്കാർ ഫയലുകളിൽ നിഗൂഢമായിരിക്കുമ്പോഴും, ഭാരതീയരായ ഓരോരുത്തരുടെയും മനസ്സിൽ ഇന്നും നേതാജി അജയ്യനായി തന്നെ ജീവിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*