പാലായിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. മണിക്കൂറുകളോളം വാഹനം പാർക്ക് ചെയ്യാമെന്ന് വച്ചാൽ തിരികെ വരുമ്പോൾ കനത്ത ഫൈൻ കിട്ടും. കുരിശുപള്ളി കവല മുതൽ ളാലം പാലം ജംഗ്ഷൻ വരെ പാർക്കിംഗ് ഇനി റോഡിന് ഇടതുവശത്തു മാത്രമേ പറ്റൂ. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണിത്.
ചെയർമാൻ ഷാജു വി. തുരുത്തൻ, ആർ.ഡി.ഒ. കെ.പി. ദീപ, ഡി.വൈ.എസ്.പി. കെ. സദൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഇന്നലെ മുതൽ പാർക്കിംഗ് സംവിധാനങ്ങൾ പുനഃക്രമീകരിച്ചത്. ചെയർമാൻ ഷാജു വി. തുരുത്തൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ, പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു.
കുരിശുപളി കവലയിൽ നിന്ന് സെന്റ് മേരിസ് സ്കൂൾ റോഡിലും സിവിൽ സ്റ്റേഷൻ ഭാഗം വരെയും ഇടത് വശം മാത്രം പാർക്കിംഗ്. ജനറൽ ആശുപത്രി റോഡിൽ പാർക്കിംഗ് കർശനമായി നിരോധിച്ചു. ഇവിടെ കനത്ത പിഴയാണ് ചുമത്തുന്നത്. ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾ കയറുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചാൽ പിഴ ഈടാക്കും. നടപ്പാതകളിൽ ഇരുചക്ര വാഹനങ്ങൾ വച്ചിട്ട് പോകുന്നവർ ഇനി മുതൽ സൂക്ഷിക്കുക. വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ ചെന്ന് പിഴയൊടുക്കി വാങ്ങേണ്ടതായി വരും. പല ദിവസങ്ങളിലും നടപ്പാതകൾ ഇരുചക്ര വാഹനങ്ങൾ കയ്യേറുന്നതു മൂലം കാൽനടക്കാർക്ക് യാത്രാതടസം നേരിട്ടിരുന്നു.
Be the first to comment