കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികള്‍ കഴിക്കുന്നത് പാര്‍ക്കിന്‍സണ്‍സിനു കാരണമാകും

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ പ്രശ്‌നമാണ് പാര്‍ക്കിന്‍സണ്‍സ്. രോഗത്തിനുപിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. എങ്കിലും പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ പരസ്പരവ്യവഹാരം രോഗത്തിനു കാരണമായി പറയുന്നുണ്ട്. ഇപ്പോള്‍ പുതിയ പഠനം പറയുന്നത് പച്ചക്കറികളിലെ കീടനാശിനി ഉപയോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ്.

കാര്‍ഷികവിളകളുടെ ഉല്‍പ്പാദനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി കീടനാശിനികള്‍ മാറിയിട്ടുണ്ട്. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ഗവേഷകര്‍ അവകാശപ്പെടുമ്പോഴും ഈ കീടനാശിനികള്‍ ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യത്തെ ഏതുതരത്തില്‍ ബാധിക്കുന്നുണ്ടെന്ന ചോദ്യം നിലനില്‍ക്കുകയാണ്. പൊതുജനാരോഗ്യവും സരുക്ഷയും കണക്കിലെടുത്ത് ഇവയുടെ ഉപയോഗം എങ്ങനെ നിജപ്പെടുത്തണമെന്നതും ചിന്തനീയമാകുന്നു.

വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ ന്യൂറോണുകളെ ഏതുതരത്തില്‍ ബാധിക്കുന്നു എന്നതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഈ പഠനത്തിനായി ഗവേഷകര്‍ അവലോകനം ചെയ്തു. അമേരിക്കന്‍ അക്കാദമി ഓഫി ന്യൂറോളജിയുടെ 76-ാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ പഠനം പാര്‍ക്കിന്‍സണ്‍സിന്‌റെ രോഗസാധ്യതയുമായി ബന്ധപ്പെട്ട മൂന്ന് കീടനാശിനികളെക്കുറിച്ച് അവലോകനം ചെയ്യുന്നുണ്ട്. ന്യൂറോളജിക്കല്‍ ഹെല്‍ത്തിനെ കീനാശിനികള്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ മൈക്കല്‍ ജെ ഫോക്‌സ് ഫൗണ്ടേഷന്‍ പറയുന്നു.

സെന്‌റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി ആമെസ്റ്റ് കോളേജും ബയോ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ 21 ദശലക്ഷം ആളുകളെയാണ് പഠനവിധേയമാക്കിയത്. 1992 മുതല്‍ 20008 വരെയുള്ള കീടനാശിനി ഉപയോഗ രീതികളുടെ കൗണ്ടിതല വിശകലനത്തിലൂടെ ചില പ്രദേശങ്ങളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‌റെ ഉയര്‍ന്ന സാധ്യതയുമായി ബന്ധപ്പെട്ട 14 കീടനാശിനികള്‍ തിരിച്ചറിഞ്ഞു. അട്രാസിന്‍, ലിന്‍ഡേന്‍, സിമാസിന്‍ എന്നീ മൂന്ന് കീടനാശിനികളാണ് പ്രധാന കാരണമായി കണ്ടെത്തിയത്.

കീടനാശിനികള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗവുമായുള്ള ബന്ധം കണ്ടെത്തിയെങ്കിലും രോഗകാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ക്കിടയില്‍ പ്രത്യേക കീടനാശിനികളുടെ പങ്ക് തിരിച്ചറിയുക സങ്കീര്‍ണമാണെന്ന് ഗവേഷകര്‍ പറയുന്നു. കര്‍ഷകര്‍ കൂടാതെ കൃഷിയിടങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവര്‍വരെ കീടനാശിനികളുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളുമായി അടുത്ത് ജീവിക്കുന്നവര്‍ കീടനാശിനി ശ്വസിക്കുന്നതും ഇവ കലര്‍ന്ന ഭക്ഷിക്കുന്നതുമെല്ലാം ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്നുണ്ട്.

തലച്ചോറിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന സബ്സ്റ്റാന്‍ഷ്യ നൈഗ്ര എന്ന ഏരിയയില്‍ ഡോപ്പമിന്‍ ഹോര്‍മോണ്‍ കുറയുന്നതിന്റെ ഭാഗമായാണ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് പ്രധാനമായും ഉണ്ടാകുന്നത്. ചലനത്തെ നിയന്ത്രിക്കുന്നത് ഡോപ്പമിന്‍ ആണ്. അതുകൊണ്ടാണ് ഡോപ്പമിന്‍ന്‌റെ കുറവ് വരുമ്പോള്‍ ചലനസംബന്ധമായ പ്രശ്‌നങ്ങള്‍ കാണുന്നത്. പാര്‍ക്കിന്‍സണ്‍സ് ചലനരോഗമാണെങ്കിലും നോണ്‍ മോട്ടോര്‍ സിംപ്റ്റംസ് ഓഫ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്നു പറഞ്ഞുള്ള ഒരുകൂട്ടം ലക്ഷണങ്ങളും രോഗികളില്‍ കാണാറുണ്ട്.

പാര്‍ക്കിന്‍സണ്‍സ് രോഗികളെ ചികിത്സിക്കുമ്പോള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. 25 മുതല്‍ 30 ശതമാനം രോഗികള്‍ക്കും മൂഡ് ഡിസോര്‍ഡര്‍ അതായത് വിഷാദം, ഉത്കണ്ഠ പോലുള്ള ലക്ഷണങ്ങള്‍ കൂടെ ഉണ്ടാകും. ഇത് തിരിച്ചറിയുകയും ശരിയായി ചികിത്സിക്കുകയും വേണം. ഇതിനൊപ്പം മലബന്ധം, വായ്ക്കും കണ്ണുകള്‍ക്കുമുണ്ടാകുന്ന വരള്‍ച്ച, ഉറക്കമില്ലായ്മ, ഉറക്കത്തില്‍ ഞെട്ടിഉണര്‍ന്ന് ബഹളമുണ്ടാക്കുകയൊക്കെ ചെയ്യാം. പാര്‍ക്കിന്‍സണ്‍സ് രോഗിയെ ചികിത്സിക്കുമ്പോള്‍ ഈ ലക്ഷണങ്ങളെല്ലാം തിരിച്ചറിയുകയും ശരിയായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം.

Be the first to comment

Leave a Reply

Your email address will not be published.


*