അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്; ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു

അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളെ വരെ പിരിഞ്ഞു. ലോക്‌സഭയില്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു ആദ്യ നിമിഷം മുതല്‍ പ്രതിപക്ഷ ബഹളമായിരുന്നു.

രാജ്യസഭയില്‍ അദാനി, സംഭാല്‍, മണിപ്പൂര്‍ സംഘര്‍ഷം, വയനാട് കേന്ദ്ര സഹായം അടക്കമുള്ള വിഷയങ്ങളില്‍ ചട്ടം 267 അനുസരിച്ചു നല്‍കിയ നോട്ടീസുകള്‍ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഒന്നും സഭ രേഖകളില്‍ ഉണ്ടാകില്ലെന്നും, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരു സഭകളും നാളെവരെ പിരിഞ്ഞു.

അദാനി വിഷയത്തില്‍ സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നതയുണ്ട്. ഇന്ത്യ സഖ്യ യോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു നിന്നു. ശൂന്യവേളയും ചോദ്യോത്തരവേളയും പ്രയോജനപ്പെടുത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കണമെന്ന് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്. സര്‍ക്കാര്‍ മൗനം തുടരും വരെ പ്രതിഷേധം തുടരാം എന്നാണ് മുതിര്‍ന്ന അംഗങ്ങളുടെ അഭിപ്രായം. അതേസമയം, പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോള്‍ മറുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രിയും പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*