പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ പുതിയ നായകന്‍

പുതിയ ഏകദിന നായകനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പ്രതീക്ഷിച്ചത് പോലെ തന്നെ പേസര്‍ പാറ്റ് കമ്മിന്‍സ് ആണ് പുതിയ ഓസ്‌ട്രേലിയയുടെ നായകന്‍. കമ്മിന്‍സിനെ ഓസ്ട്രേലിയയുടെ 27ാമത്തെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.

ആരോണ്‍ ഫിഞ്ച് ഏകദിനത്തില്‍നിന്ന് കഴിഞ്ഞ മാസം വിരമിച്ചതോടെ ഏകദിന ടീമിന്റെ ചുമതല കമ്മിന്‍സിനാണ്. ടെസ്റ്റ് ടീമിന്റെ നായകനായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കമ്മിന്‍സിനെ തേടി എകദിന ക്യാപ്റ്റന്റെ ക്യാപുമെത്തുന്നത്. ഷെയ്ന്‍ വോണിന് ശേഷം ഏകദിന ക്യാപ്റ്റനാകുന്ന ആദ്യ ബൗളര്‍ കൂടിയാണ് കമ്മിന്‍സ്.

‘ഫിഞ്ചിയുടെ കീഴില്‍ കളിക്കുന്നത് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍നിന്ന് ധാരാളം കാര്യങ്ങള്‍ പഠിച്ചു. ഏറെ അനുഭവസമ്പത്തുള്ള ഒരു ഏകദിന സ്‌ക്വാഡ് ഞങ്ങളുടെ ഭാഗ്യമാണ്’ ക്യാപ്റ്റനായി നിയമിതനായ ശേഷം കമ്മിന്‍സ് പറഞ്ഞു.

ജനുവരിയില്‍ ദക്ഷിണാഫ്രിക്കയുമായി നാട്ടില്‍ തന്നെ ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് വേണ്ടിയുള്ള ടീമിന്റെ ഒരുക്കങ്ങള്‍ ഇനി പാറ്റ് കമ്മിന്‍സിനെ മുന്‍നിര്‍ത്തിയായിരിക്കും. 2023 ലോകകപ്പില്‍ ഉള്‍പ്പെടെ കമ്മിന്‍സ് ഓസ്‌ട്രേലിയയെ നയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*