‘പത്തനംതിട്ടയിലേത് കൊടിയ പീഡനം; ഒരു കുറ്റവാളിയും രക്ഷപ്പെടരുത്, സ്‌കൂളുകളില്‍ കൗണ്‍സിലിങ് കാര്യക്ഷമമാക്കണം’

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും സതീശന്‍ പറഞ്ഞു. കേസില്‍ ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഇനിയും പുറത്തുവരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനം. എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പിടിഎ. യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തണം. സാധാരണക്കാരയ കട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗണ്‍സിലിങ്ങിനൊപ്പം മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാംപുകളും ഉറപ്പാക്കണമെന്നും സതീശന്‍ പറഞ്ഞു.

നമ്മുടെ കുഞ്ഞുമക്കള്‍ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം നിയമസംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*