പട്ടിത്താനം – മണർകാട് ബൈപാസ്; ബൈപാസ് മോടി പിടിപ്പിക്കുന്ന ജോലികൾക്ക് തുടക്കം

ഏറ്റുമാനൂർ :  പട്ടിത്താനം – മണർകാട് ബൈപാസിൽ മോടി പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. പട്ടിത്താനം മുതൽ പാറേക്കണ്ടം വരെയുള്ള 1790 മീറ്റർ ദൂരമാണ് ആദ്യഘട്ടമായി മോടിപിടിപ്പിക്കുന്നത്. റോഡരികിൽ കോൺക്രീറ്റ് ചെയ്ത് കെർബ് (നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക്) നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനു ശേഷം നടപ്പാത നിർമിക്കും. റോഡിൽ നിന്നു 10 സെന്റിമീറ്റർ ഉയർത്തിയാണ് നടപ്പാതകൾ പണിയുന്നത്.

നടപ്പാതയുടെ വീതി ശരാശരി 1.20 മീറ്ററാണ്. എന്നാൽ ബൈപാസ് റോഡിൽ സ്ഥലസൗകര്യമനുസരിച്ചു നടപ്പാതയുടെ വീതി പല സ്ഥലങ്ങളിലും കൂട്ടിയിട്ടുണ്ട്. നിറമുള്ള തറയോടുകളാണു നടപ്പാതയിൽ വിരിക്കുന്നത്. ചായം പൂശി മനോഹരമാക്കുന്ന കെർബും നടപ്പാതയിൽ നിറമുള്ളതറയോടുകളും വരുന്നതോടെ ബൈപാസ് റോഡിന്റെ മുഖഛായ മാറും. കാലാവസ്ഥ അനുകൂലമായാൽ 90 ദിവസത്തിനകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മന്ത്രി വി.എൻ.വാസവന്റെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 5.5 കോടി രൂപ വിനിയോഗിച്ചാണ് ഓടയും ബൈപാസിലെ നടപ്പാതയും നിർമിക്കുന്നത്. പട്ടിത്താനം മുതൽ പൂവത്തുംമൂട് വരെയുള്ള ഭാഗമാണ് മോടി പിടിപ്പിക്കുന്നത്. എന്നാൽ ജല അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ ബാക്കിനിൽക്കുന്നതിനാൽ പാറേക്കണ്ടം മുതൽ‌ പൂവത്തുംമൂട് വരെയുള്ള ഭാഗം പിന്നീടാണ് നവീകരിക്കുക. നവീകരണത്തിന്റെ ഭാഗമായി 100 സോളർ ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

പോത്തുംമൂട് വരെ 12 ബ്ലിങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്. ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാനപാതയും ബൈപാസ് റോഡും സംഗമിക്കുന്ന പാറേക്കണ്ടം ജംക്‌ഷനിൽ ആധുനിക നിലവാരത്തിലുള്ള സിഗ്നൽ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു സമീപത്തുള്ള റോഡരികിൽ കൂടുതൽ വീതിയിലാണ് തറയോടുകൾ പാകുന്നത്.

നടപ്പാതയ്ക്കു ശേഷമുള്ള സ്ഥലങ്ങൾ സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെ ഏൽപിച്ച് ഉദ്യാനംനിർമിക്കുന്നതും പദ്ധതിയുടെ ഭാഗമായി ആലോചനയിലുണ്ട്. അനധികൃത കച്ചവടങ്ങളോ പാർക്കിങ്ങുകളോ അനുവദിക്കാതെയാകും ബൈപാസ് റോഡിന്റെ പരിപാലനം.

Be the first to comment

Leave a Reply

Your email address will not be published.


*