കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി പേടിഎം; 20% ജീവനക്കാർ പുറത്തേക്ക്

പേടി എമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചിവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ 20  ശതമാനം ജീവനക്കാരെ പുറത്താക്കിയേക്കും. പേടിഎം പേയ്‌മെൻ്റ് ബാങ്കുകൾ കൃത്യമായ പരിശോധനയിൽ വീഴ്ച വരുത്തിയതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശോധന നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

എത്ര ജീവനക്കാർ പുറത്തേക്ക് പോകും എന്ന കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചയായി, ടീമിൻ്റെ വലുപ്പം 20 ശതമാനം വരെ കുറയ്ക്കാൻ ചില വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി പലഘട്ടങ്ങളിലായി ആയിരത്തോളം ജീവനക്കാരെ പേടിഎം  പിരിച്ചുവിട്ടിട്ടുണ്ട്. ഇരുപത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമ്പോൾ  ഈ വർഷം ഒരു  ടെക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാകും ഇത്. ബിസിനസുകൾ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് പിരിച്ചു വിടലെന്നാണ് പേടിഎമ്മിന്റെ നിലപാട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്-പവേർഡ് ഓട്ടോമേഷനിലേക്കുള്ള കമ്പനിയുടെ മുന്നേറ്റം കൂടുതൽ ജോലികളെ ബാധിക്കുമെന്ന് പേടിഎം വക്താവ് പറഞ്ഞിരുന്നു. ചെറുകിട-ഉപഭോക്തൃ വായ്പകൾക്ക് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം പേടിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. 50,000 രൂപയിൽ താഴെയുള്ള വായ്പകളായിരുന്നു പേടിഎമ്മിന്റെ പ്രധാന വരുമാന സ്രോതസ്. ഇത് നിയന്ത്രിക്കപ്പെട്ടതോടെ ഡിസംബർ 7 ന് കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം 20 ശതമാനം ആണ് ഇടിഞ്ഞത്. പേടിഎമ്മിന് പുറമെ ഫിസിക്‌സ് വാലാ, ഉഡാൻ, തേർഡ് വേവ് കോഫി, ബിസോംഗോ തുടങ്ങിയ ടെക് സ്റ്റാർട്ടപ്പുകളും ഈ വർഷം ഗണ്യമായ തോതിൽ പിരിച്ചുവിടലുകൾ നടത്തിയിട്ടുണ്ട്.  ഫിൻ‌ടെക് സ്റ്റാർട്ടപ്പായ സെസ്റ്റ്മണി കടുത്ത പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു .

Be the first to comment

Leave a Reply

Your email address will not be published.


*