
കുട്ടികളുടെ വളര്‍ച്ചകാലഘട്ടം വളരെ പ്രധാനമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ മറ്റ് എല്ലാ അവയവങ്ങളിലും പ്രധാനപ്പെട്ടത് സുഷുമ്‌ന നാഡി, തലച്ചോര്‍, ഞരമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന നാഡീവ്യൂഹമാണ്. ശാരീരികപ്രവര്‍ത്തനങ്ങളും, വൈജ്ഞാനിക- ചലന കഴിവുകളും തമ്മിലുള്ള ഏകോപനം നാഡീവ്യൂഹമാണ് നിര്‍ഹവിക്കുന്നത്. തലച്ചോറ്, പേശികളുടെ അപാകതകള്‍ മൂലം ചില കുട്ടികളില്‍ നാഡി സംബന്ധമായ ചില വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കാണാന്‍ സാധ്യതയുള്ള 5 നാഡി സംബന്ധമായ വൈകല്യങ്ങള്‍.
1. ഓട്ടിസം
കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. ഓട്ടിസം ഒരു കുഞ്ഞിനുണ്ടെന്ന് മനസ്സിലാക്കുന്നത് അവരുടെ പെരുമാറ്റത്തിലൂടെയാണ്. മൂന്ന് വയസ്സിനുള്ളില്‍ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.
സമപ്രായക്കാരായ കുട്ടികളിൽ നിന്നും ഓട്ടിസം ബാധിതരായ കുട്ടികളുടെ പെരുമാറ്റം ചെറുപ്പത്തിൽ പെട്ടെന്ന് വേർതിരിച്ചറിയാനാകില്ല. ചോദ്യം ചോദിക്കുമ്പോൾ കണ്ണിൽ നോക്കാതെ ഉത്തരം പറയുകയും ചോദിച്ച ചോദ്യം തിരിച്ച് അനുകരിക്കുകയും ചെയ്യുന്നത് ഓട്ടിസത്തിന്‍റെ ലക്ഷണമാകാം.
2. സെറിബ്രൽ പാൾസി
കുട്ടികളെ ബാധിക്കുന്ന ഒരു ചലന വൈകല്യമാണ് സെറിബ്രൽ പാൾസി. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയിലുണ്ടാകുന്ന താളപ്പിഴകളാണ് ഈ അവസ്ഥയ്ക്ക് കാരണം. സംവേദനം, ബൗദ്ധികവളര്‍ച്ച, ആശയവിനിമയം, പഠനശേഷി, എന്നിവയിലും വെല്ലുവിളികള്‍ ഉണ്ടാകാം. ചില കുട്ടികള്‍ക്ക് പെരുമാറ്റവൈകല്യങ്ങളും അപസ്മാരവും ഉണ്ടാകാറുണ്ട്. ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം, രക്തസമ്മർദം, അണുബാധ, മഞ്ഞപ്പിത്തം, റൂബെല്ല, പോഷകാഹാരക്കുറവ്, ചിക്കൻപോക്സ്, മാനസിക സംഘർഷം എന്നിവ കുഞ്ഞിന് സെറിബ്രൽ പാൾസി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
3. എഡിഎച്ച്ഡി
കുട്ടികളില്‍ നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം (എഡിഎച്ച്ഡി). ശ്രദ്ധക്കുറവ് കൊണ്ട് നിസ്സാരമായ തെറ്റുകൾ വരുത്തുക, നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക, മറവി, കുറച്ചു സമയം അടങ്ങി ഒരിടത്തിരിക്കാൻ കഴിയാതെ വരിക, അമിത ദേഷ്യം, ക്ഷമയില്ലായ്മ, തനിയെ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം കുട്ടികളിലെ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാണ്.
4. ഡൗൺ സിൻഡ്രോം
കുട്ടികളില്‍ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് കണ്ടു വരുന്ന മറ്റൊരു വൈകല്യമാണ് ഡൗണ്‍ സിന്‍ഡ്രോം. ഇതൊരു രോഗാവസ്ഥയാണ്. ഒരു വ്യക്തിയുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും 46 ക്രോമോസോമുകളാണ് സാധാരണയായി ഉണ്ടാകേണ്ടത്. ഇതിൽ 21-ാമത്തെ ക്രോമസോം രണ്ടിനു പകരം മൂന്നെണ്ണമുള്ള അവസ്ഥയാണ് ഡൗൺ സിൻഡ്രോം. മറ്റു കുട്ടികളെ അപേക്ഷിച്ച് ഇവരില്‍ കഴുത്തുറയ്ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധി വികാസത്തിനും കാലതാമസം ഉണ്ടാകും. പരന്ന മുഖം, കണ്ണിൽ ഉള്ള വ്യത്യാസം, പേശി ബലക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങൾ, കാഴ്ച, കേൾവി തകരാറ്, ഇടയ്ക്കിടയ്ക്ക് ഉള്ള ചെവി,കുടൽ സംബന്ധമായ രോഗങ്ങൾ, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഡൗൺ സിൻഡ്രോമുള്ള കുട്ടികളിലുണ്ടാകാം.
5. ഡിസ്‌ലെക്സിയ
ശരാശരിയിലോ അതിലും കവിഞ്ഞ അളവിലോ ബുദ്ധി ഉണ്ടായിട്ടും അതിനു അനുസ്യൂതമായി പെരുമാറാൻ കഴിയാത്ത അവസ്ഥയാണ് ഡിസ്‌ലെക്സിയ. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന ഒരു പ്രത്യേക പഠനത്തകരാറാണിത്.
Be the first to comment