ദുരൂഹത മാറാതെ കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്‌; പലതിനും കണക്കില്ല

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിലെ ദുരൂഹതകൾ നീങ്ങുന്നില്ല. പെൻഷനുമായി ബന്ധപ്പെട്ട രേഖകളും രജിസ്‌റ്ററും നഗരസഭയിൽ നിന്ന്‌ കാണാതായി. തട്ടിപ്പ്‌  അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സമിതി, ആവശ്യത്തിന്‌ രേഖകൾ കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ്‌. പെൻഷനിൽ വർഷങ്ങളായി തട്ടിപ്പ്‌ നടക്കുന്നുണ്ടെന്നും, അതത്‌ സമയങ്ങളിൽ ഫയലുകൾ മുക്കിയെന്നുമാണ്‌ സമിതിയുടെ നിഗമനം. തട്ടിപ്പ്‌ നടത്തിയ മുൻ ജീവനക്കാരൻ അഖിൽ സി വർഗീസിന്റെ ബാങ്കിടപാടുകളുടെ വിവരങ്ങൾ നൽകാൻ ബാങ്കിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഒന്നരക്കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ ബാങ്ക്‌ കൈമാറിയതായാണ്‌ വിവരം.

നഗരസഭയിൽ നടന്നത്‌ മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പാണ്‌. രേഖകൾ കിട്ടാത്തതിനാൽ എത്ര രൂപയുടെ തട്ടിപ്പ്‌ നടന്നെന്ന്‌ കൃത്യമായി കണ്ടെത്താനും സാധിച്ചിട്ടില്ല. വർഷങ്ങളോളം ഫയലുകൾ മുക്കിയത്‌ നഗരസഭാധ്യക്ഷയുടെയും ഉപാധ്യക്ഷന്റെയും അറിവോടെയാണെന്നും ആരോപണമുണ്ട്‌. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവായ കോട്ടയം നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരിക്ക്‌ വകുപ്പ്‌ വിശദീകരണ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. ഇവർ ഈരാറ്റുപേട്ട നഗരസഭയിൽ ജോലി ചെയ്‌തിരുന്നപ്പോൾ 50 ലക്ഷം രൂപ തട്ടിയതായാണ്‌ കേസ്‌. അഖിലിന്‌ കോട്ടയത്ത്‌ സഹായം ചെയ്‌തുകൊടുത്തതിൽ ഇവർക്കും അസോസിയേഷനും പങ്കുണ്ടെന്നും ആരോപണമുണ്ട്‌.

Be the first to comment

Leave a Reply

Your email address will not be published.


*