നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും; തദ്ദേശ വകുപ്പിൽ പുതിയ പരിഷ്കാരങ്ങൾ

നവകേരളസൃഷ്ടിയെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാക്ഷാൽകരിക്കാനുള്ള വിപുലമായ പ്രവർത്തന പരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പുതിയ കാലത്തിനും വികസിത ജനസമൂഹത്തിന്റെ ആവശ്യങ്ങൾക്കും അനുസൃതമായി വിവിധ മേഖലകളെ നവീകരിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആധുനിക വൽകരിച്ച് വേഗത്തിൽ ലഭ്യമാക്കാനുള്ള സുപ്രധാന നടപടികൾ സർക്കാർ സ്വീകരിക്കുകയാണെന്നും വിപ്ലവകരവും സർഗാത്മകവുമായ ചില ചുവടുവെപ്പുകള്‍ ഈ ഏപ്രില്‍ ഒന്നുമുതല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും. പെർമിറ്റ് ഫീസ് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. വസ്‌തു നികുതി പരിഷ്‌കരിക്കാനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് കിട്ടാൻ കാലതാമസം ഉണ്ടെന്ന് പരാതിയെ തുടർന്നാണ് പുതിയ പരിഷ്‌കാരം കൊണ്ട് വരുന്നത്. 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭ്യമാക്കും. ഓൺലൈൻ വഴി സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകിയാലും പെർമിറ്റ് ലഭ്യമാകും. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യം തീരുമാനം നടപ്പിലാവുക.

അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. യഥാർത്ഥ വസ്‌തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ്  ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

ബിൽഡിംഗ് പെർമിറ്റ് ഫീസിൽ വർധനയുണ്ടാവും. നിരക്ക് പിന്നീട് നിശ്ചയിക്കും. കെട്ടിടങ്ങളുടെ നിലവിലുള്ള വസ്‌തു നികുതി അഞ്ചു ശതമാനം വർദ്ധിപ്പിക്കാനും തീരുമാനമായി. അതേസമയം സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്രമീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വസ്‌തു നികുതി ഒഴിവാക്കി. 

തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നടപ്പിലാക്കാനും തീരുമാനമായി. പരാതിപരിഹാരത്തിനായി സ്ഥിരം അദാലത്തുകളും രൂപീകരിക്കും. മാലിന്യ സംസ്‌കരണ രംഗത്ത് ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉൾപ്പെടെ സ്ഥാപിച്ച് ഇടപെടാനാണ് സർക്കാർ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*