നരേന്ദ്ര മോദിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ദൈവത്തിൻ്റെയും ആരാധനാലയത്തിൻ്റെയും പേരില്‍ വോട്ട് ചോദിച്ചതിലൂടെ മോദി മാതൃകാ പെരുമാറ്റ ചട്ടം (എംസിസി) ലംഘിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് അഭിഭാഷകനായ ആനന്ദ് എസ് ജോന്‍ധലേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ ഒമ്പതിന് നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തിലാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് നരേന്ദ്ര മോദി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചുവെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുന്നു. ആറ് വര്‍ഷത്തേക്ക് എല്ലാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി മോദിയെ വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

”താന്‍ രാമക്ഷേത്രം നിര്‍മ്മിച്ചുവെന്ന് മോദി പറഞ്ഞു. കര്‍താര്‍പൂര്‍ സാഹിബ് ഇടവഴി വികസിപ്പിച്ചെന്നും ഗുരുദ്വാരയിലെ ലംഗാറുകളില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ ജിഎസ്ടി ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഗുരു ഗ്രന്ഥ് സാഹിബിൻ്റെ കോപ്പികള്‍ കൊണ്ടുവന്നെന്നും അദ്ദേഹം അവകാശപ്പെട്ടു”, ഹര്‍ജിയില്‍ പറയുന്നു. ഇതിലൂടെ പൊതു പെരുമാറ്റ നിയമ (1), (3)ത്തിന് കീഴിലെ നിര്‍ദേശങ്ങളുടെ സംഗ്രഹം വാല്യു മൂന്നിലെ മാതൃകാ പെരുമാറ്റ ചട്ടം പ്രധാനമന്ത്രി ലംഘിച്ചുവെന്നാണ് ആനന്ദ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

പരസ്പര വിദ്വേഷം സൃഷ്ടിക്കുക, വ്യത്യസ്ത മത-ഭാഷ-വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ സ്ഥാനാര്‍ത്ഥികള്‍ ചെയ്യരുതെന്ന് ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മസ്ജിദ്, പള്ളികള്‍, അമ്പലങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുപ്പ് അജണ്ടയായി ഉപയോഗിക്കരുതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മോദി ഹിന്ദുക്കളുടെയും സിഖുക്കാരുടെയും ദൈവങ്ങളെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുക മാത്രമല്ല, മുസ്ലീംങ്ങള്‍ക്ക് അനുകൂലമായ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രതികരിച്ചുണ്ടെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 153എ(വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക) പ്രകാരം കേസെടുക്കണമെന്നും ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് മത്സരങ്ങളില്‍ നിന്നും മാറ്റനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*