മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്‍റെ അറിവോടെയല്ല; ചീഫ് സെക്രട്ടറിക്ക് കത്തെഴുതി ഐ ജി ലക്ഷ്മൺ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയിൽ അഭിഭാഷകനെ പഴിചാരി  ഐജി. ലക്ഷ്മൺ. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന്  വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും  ഐ ജി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന അതി ഗുരുതര ആരോപണമായിരുന്നു ഐജി ലക്ഷ്ണൺ ഉന്നയിച്ചത്.  മോൺസൺകേസിൽ പ്രതിയാക്കിയതിനെതിരെ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഈ ഹര്‍ജിയുടെ ഗൗരവം കണക്കിലെടുത്ത് വലിയ അച്ചടക്ക നടപടിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നതിനിടെയാണ് അഭിഭാഷകനെ പഴിചാരി ഐജി. ജി ലക്ഷ്മൺ തടിയൂരുന്നത്.

കൊച്ചിയിലെ അഭിഭാഷകനായ നോബിൾ മാത്യുവിനെയാണ് വക്കാലത്ത് ഏൽപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലായിരുന്നതിനാൽ ഹര്‍ജിയിൽ പറഞ്ഞ കാര്യങ്ങൾ വായിച്ച് നോക്കാൻ കഴിഞ്ഞിരുന്നില്ല. വിവാദ ഉള്ളടക്കം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ശ്രദ്ധയിൽ പെട്ട ഉടനെ ഹര്‍ജി പിൻവലിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ പരാമര്‍ശങ്ങൾ ഒഴിവാക്കാനും നിര്‍ദ്ദേശം നൽകിയെന്നാണ് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഐജി വിശദീകരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*