ഇന്ത്യയിലെ ഡെങ്കിപ്പനി വാക്‌സിന്‍ നിര്‍മാണം നിര്‍ണായക ഘട്ടത്തില്‍

ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ നിര്‍മാണം നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മരുന്ന് കമ്പനിയായ പനാസിയ ബയോടെക്കിനൊപ്പം ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‌റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്നലെ ഇന്ത്യയില്‍ ആരംഭിച്ചു. ഡെങ്കിആള്‍ (DengiAll) എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ ഡോസ് ഹരിയാനയിലെ റോഹ്തക്കില്‍ ഒരു വ്യക്തിക്ക് നല്‍കി.

നിലവിലെ സ്റ്റാന്‍ഡേര്‍ഡ് ചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെങ്കിആള്‍ എങ്ങനെ മികച്ചതായി പ്രവര്‍ത്തിക്കുന്നുവെന്ന് പരീക്ഷിക്കുകയാണ് ലക്ഷ്യം. ആരോഗ്യമുള്ള 10,335 മുതിര്‍ന്നവര്‍ ഉള്‍പ്പെടുന്ന ട്രയല്‍ 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 19 സ്ഥലങ്ങളില്‍ നടത്തും. ഐസിഎംആര്‍ ആണ് ട്രയലിന് പണം നല്‍കുന്നത്.

ഇന്ത്യയുടെ വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ മുന്നേറ്റത്തെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി ജെപി നദ്ദ, ഡെങ്കിപ്പനിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പാണിതെന്ന് പറഞ്ഞു. ‘ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഡെങ്കിപ്പനി വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത് ഡെങ്കിപ്പനിക്കെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവയ്പാണ്. വ്യാപകമായ രോഗത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്, വാക്സിന്‍ ഗവേഷണത്തിലും വികസനത്തിലും ഇന്ത്യയുടെ ശക്തി ഇത് ഉയര്‍ത്തിക്കാട്ടുന്നു,’ നദ്ദ പറഞ്ഞു.

നിലവില്‍, ഇന്ത്യയില്‍ ഡെങ്കിപ്പനിക്ക് അംഗീകൃത ആന്റി വൈറല്‍ ചികിത്സയോ ലൈസന്‍സുള്ള വാക്‌സിനോ ഇല്ല. നിരവധി കമ്പനികള്‍ ഡെങ്കിപ്പനി വാക്‌സിനുകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വികസിപ്പിച്ച ഡെങ്കിപ്പനി വാക്‌സിനിനായുള്ള രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ആഗോളതലത്തില്‍, Qdenga, Dengvaxia എന്നീ രണ്ട് ഡെങ്കി വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*