
ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇതിന്‍റെ ദോഷവശങ്ങളെക്കുറിച്ചു പറയുന്ന ഒട്ടേറെ വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം?
മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളെയും പോലെ സ്മാര്‍ട്ട് ഫോണുകള്‍ റേഡിയോ തരംഗങ്ങള്‍ അഥവാ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ വികിരണം ചെയ്യുന്നുണ്ട്. ഈ തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇവ ടവറുകളുമായി ബന്ധപ്പെടുന്നത്. സ്പേസിലൂടെ സഞ്ചരിക്കുന്ന ഈ തരംഗങ്ങള്‍ മനുഷ്യശരീരത്തിലെ കലകള്‍ ആഗിരണം ചെയ്യുന്നുണ്ട്. ഇത് ദോഷകരമാണെന്നു പൊതുവേ പറയാറുണ്ടെങ്കിലും അതിനു ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. റേഡിയോ തരംഗങ്ങള്‍ മനുഷ്യ ശരീരത്തെ സംബന്ധിച്ച് പൊതുവേ സുരക്ഷിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം കൂടുതല്‍ നേരം ഇവ ഏല്‍ക്കുന്നത് ശാരീരിക പ്രശ്നങ്ങള്‍ കാരണമാവുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ലാപ്‌ടോപ്പുകളില്‍ നിന്നും വരുന്ന ഇഎംഎഫ് (ഇലക്‌ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍) മനുഷ്യ ശരീരത്തിലുള്‍പ്പെടെയുള്ള ജീവനുള്ള കലകള്‍ ആഗിരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം റേഡിയേഷനുകള്‍ പരിമിതമായ അളവിലായതിനാല്‍ പൊതുവെ സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്ന് സ്വിന്‍ബേണ്‍ ടെക്നോളജി സര്‍വകലാശാലയിലെ ആരോഗ്യ-മെഡിക്കല്‍ സയന്‍സസ് വകുപ്പിന്റെ ചെയര്‍മാനും ഇഎംഎഫിന്റെ ജൈവശാസ്ത്ര വിദഗ്ധനുമായ ആന്‍ഡ്രൂ വുഡ് പറയുന്നു. വീട്ടില്‍ ഉപയോഗിക്കുന്ന മറ്റ് ഇലക്ട്രാണിക് ഉപകരണങ്ങളില്‍ നിന്ന് വരുന്ന റേഡിയേഷന് സമാനമാണിതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഫോണുകളില്‍ നിന്നുള്‍പ്പെടെ വരുന്ന റേഡിയേഷന്‍ അധികസമയം സമയം ഏല്‍ക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വാദമുണ്ട്. ഫോണുകളില്‍ നിന്നുള്ള ഇഎംഎഫ് റേഡിയേഷന് തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, കാന്‍സര്‍ എന്നിവയുള്‍പ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകളൊന്നും ഇല്ല.
എന്നാല്‍ ഫോണ്‍ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നത് ലിഥിയം-അയണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെയും മോശമായി ബാധിക്കാം. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററി അമിതമായി ചൂടാകാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ചാര്‍ജിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.
Be the first to comment