ദിവസം 9,000 സ്റ്റെപ് നടക്കുന്നതിലൂടെ ഹൃദയാഘാതം വരാനുള്ള സാധ്യത 50% കുറയ്ക്കാമെന്ന് പഠനം

ആരോഗ്യത്തിന് വ്യായാമം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരീകാരോഗ്യം നിലനിർത്തുന്നതിന് വ്യായാമം ചെയ്യുന്നുണ്ട്? ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ 50 ശതമാനത്തോളം ഇന്ത്യക്കാർ പോലും ഇത് പാലിക്കുന്നില്ല എന്നതാണ് വാസ്തവം ഇതിൻ്റെ ഫലമായി ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം മുതൽ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകും. വ്യായാമം എങ്ങനെ ഒരു മനുഷ്യനെ ആരോഗ്യവാനായിരിക്കാൻ സഹായിക്കും എന്നുള്ളതിലുള്ള അജ്ഞതയാണ് പലപ്പോഴും ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ വരാനുള്ള പ്രധാന കാരണമെന്നാണ് മസാച്യുസെറ്റ്സ് സർവകലാശാലയിലെ ആംഹെസ്റ്റ് ഡിപ്പാർട്മെൻ്റ് ഓഫ് കൈനെസോളജി വിഭാഗം ഗവേഷണ വിദ്യാർഥി ശിവാംഗി ബാജ്പെയുടെ വാദം.

ശാരീരിക അധ്വാനത്തിലൂടെ 60 വയസ്സിന് മുകളിലുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 50% കുറയ്ക്കാമെന്ന് ശിവാംഗി ബാജ്പെയും മസാച്യുസെറ്റ്സ് സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രഫസർ ഡോ.അമാൻഡ പലൂചും ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു. പ്രോസ്പെക്ടീവർ അസോസിയേഷൻ ഓഫ് ഡെയ്‌ലി സ്റ്റെപ്സ വിത് കാർഡിയോവാസകുലാർ ഡിസീസ്: എ ഹാർമൊണൈസ്ഡ് മെറ്റാ-അനാലിസിസ് എന്ന പഠന റിപ്പോർട്ടിലാണ് ദിവസം 6000 മുതൽ 9000 സ്റ്റെപ് വരെ ദിവസം നടക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ ചെറുക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയും ഇന്ത്യയുമുൾപ്പടെയുള്ള 42 രാജ്യങ്ങളിൽ നിന്നുള്ള 20,000 ൽ അധികം ആളുകളുടെ ഡാറ്റാ ഉപയോഗിച്ചായിരുന്നു ഗവേഷണം. ദിവസം 2000 സ്റ്റെപ് നടന്നവരേയും 6000 മുതൽ 9000 സ്റ്റെപ് നടന്നവരെയും താരതമ്യം ചെയ്തായിരുന്നു പഠനം. 6000 മുതൽ 9000 സ്റ്റെപ് ദിവസവും നടന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രോക്ക്, നാഡീരോഗങ്ങൾ, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത 40 അല്ലെങ്കിൽ 50% ആയി കുറയുന്നതായി കണ്ടെത്തി. റിട്ടയർമെൻ്റിനു ശേഷമാണ് ഇന്ത്യക്കാരിൽ അധികവും രോഗത്തിൻ്റെ പിടിയിലാവുന്നതെന്നാണ് ശിവാംഗി ബാജ്പേയുടെ കണ്ടെത്തൽ. ജോലിയിൽ നിന്നുള്ള വിരമിക്കൽ സാമൂഹികമായ ഒറ്റപ്പെടലിനും, ശാരീരിക മാനസിക ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമായേക്കും. അതിനാൽ ഈ സമയത്ത് കൃത്യമായ ഇടപെടലുകൾ നടത്തി ഇവരെ സജീവമാക്കണമെന്നും ശിവാംഗി പറയുന്നു.

കാലത്തിനൊത്ത മാറ്റങ്ങളുണ്ടാവുന്നുണ്ടെങ്കിലും ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങളിലും വീട്ടുജോലി സ്ത്രീകളുടെ ചുമലിലാണ്. അതിനാൽത്തന്നെ ശരിയായ വിധത്തിലുള്ള വ്യായാമം ചെയ്യാൻ സ്ത്രീകൾക്ക് കഴിയാറില്ല. വീട്ടുജോലി വ്യായാമത്തിനു തുല്യമാണെന്ന തെറ്റിദ്ധാരണയും പലർക്കുമുണ്ട്. ദിവസം എത്ര സ്റ്റെപ് നടന്നു എന്നത് മനസ്സിലാക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. ഇതുപയോഗിച്ച് മോണിറ്ററിങ് നടത്തി ആവശ്യമെങ്കിൽ വ്യായാമം ചെയ്യാനും സ്ത്രീകളെ ബോധവത്കരിക്കണമെന്നും ശിവാംഗി ബാജ്പേ വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*