ഫിസിയോതെറാപ്പി ഇനി എ ഐ ചെയ്യും; ആദ്യ ഫിസിയോക്ലിനിക് ഈ വര്‍ഷം

വര്‍ധിച്ചുവരുന്ന ആവശ്യത്തിനും ജീവനക്കാരുടെ ക്ഷാമത്തിനുമിടയില്‍ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനായി എഐ സാങ്കേതിക വിദ്യയുമായി ദേശീയ ആരോഗ്യ സംവിധാനം(നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്‍എച്ച്എസ്). ഇതനുസരിച്ച് എഐ നടത്തുന്ന ആദ്യ എന്‍എച്ച്എസ് ഫിസിയോതെറാപ്പി ക്ലിനിക് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യത.

രജിസ്റ്റര്‍ ചെയ്ത ആരോഗ്യ സംരക്ഷണ സംവിധാനം എന്ന നിലയില്‍ ഹെല്‍ത്ത് റഗുലേറ്ററായ കെയര്‍ ക്വാളിറ്റി കമ്മിഷന്‍ അംഗീകരിച്ച ഫ്‌ളോക്ക് ഹെല്‍ത്ത് പ്ലാറ്റ്‌ഫോമാണ് എഐ ഫിസിയോതെറാപ്പിസ്റ്റിനെ ഒരുക്കുന്നത്. രോഗി നല്‍കുന്ന വിവരങ്ങളോട് തത്സമയം പ്രതികരിക്കുന്ന ആപ്പ് വഴി ഡിജിറ്റല്‍ ഫിസിയോതെറാപ്പിസ്റ്റുമായി അന്നുതന്നെ ഓട്ടോമേറ്റഡ് വീഡിയോ അപ്പോയ്‌ന്‌റ്‌മെന്‌റുകള്‍ പുതിയ പ്ലാറ്റ്‌ഫോം നല്‍കും. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഫിസിയോതെറാപ്പി തേടുന്ന രോഗികള്‍ക്ക് ജനറല്‍ ഫിസിഷന്‍ വഴിയോ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വഴിയോ ഫ്‌ളോക്ക് ഹെല്‍ത്ത് പ്ലാറ്റ്‌ഫോമിലേക്ക് റഫര്‍ ചെയ്യാവുന്നതാണ്. പുറമേ നേരിട്ട് സേവനത്തിലേക്ക് സ്വയം റഫര്‍ ചെയ്യാനുമാകും.

വേഗത്തിലുള്ള പരിചരണം നല്‍കാനും രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ക്ലിനിക്കുകളുടെ സമ്മര്‍ദം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുന്നത്. പുറം, കഴുത്ത്, കാല്‍മുട്ട് വേദന തുടങ്ങി മസ്‌കുലോസ്‌കെലിറ്റല്‍ പ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ ജനുവരി മുതല്‍ 27 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.

പൂര്‍ണ പരിശീലനം ലഭിച്ച ഒരു ഫിസിയോ തെറാപ്പിസ്റ്റിന്‌റെ വൈദഗ്ധ്യം എഐക്ക് പകര്‍ത്താന്‍ കഴിയില്ലെന്നും കേസുകളുടെ സങ്കീര്‍ണതയ്ക്കനുസരിച്ച് ചികിത്സയില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വര്‍ധിച്ചുവരുന്ന ഒബീസിറ്റിയും പ്രായമായവരുടെ എണ്ണവും അനുസരിച്ച് ആവശ്യത്തിന് ഫിസിയോതെറാപ്പിസ്റ്റുകള്‍ ബ്രിട്ടനിലില്ലെന്ന് ദ ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി(സിഎസ്പി) പറയുന്നു.

‘ദേശീയ ആരോഗ്യ സംവിധാനത്തിലുള്ള വെയ്റ്റിങ് ലിസ്റ്റ് പരിഹരിക്കാന്‍ എഐക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല, പ്രത്യേകിച്ച് മസ്‌കുലോസ്‌കെലിറ്റല്‍ സേവനങ്ങളില്‍ എഐ ഫിസിയോതെറാപ്പിസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് വലിയ സാധ്യതയുണ്ട്- സിഎസ്പി ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ് ലീഡ് യുവാന്‍ മക്കോമിസ്‌കി പറഞ്ഞു. എന്നിരുന്നാലും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‌റെ ക്ലിനിക്കല്‍ ജഡ്ജ്‌മെന്‌റും കഴിവുകളും പകര്‍ത്താന്‍ എഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

എഐ ഫിസിയോതെറാപ്പിസ്റ്റുമായുള്ള ആദ്യ വിഡിയോ വിലയിരുത്തലില്‍ ലക്ഷണങ്ങള്‍ പരിശോധിച്ചിരുന്നു. ചികിത്സയ്ക്കായി അംഗീകരിച്ചു കഴിഞ്ഞാല്‍ രോഗികള്‍ക്ക് പ്രതിവാര അപ്പോയിന്‌റ്‌മെന്‌റ് ഉണ്ടാകും. ഡിജിറ്റല്‍ ഫിസിയോതെറാപ്പിസ്റ്റ് വ്യായാമങ്ങളും പെയ്ന്‍ മാനേജ്‌മെന്‌റ് ടെക്‌നിക്കുകളും നിര്‍ദേശിക്കുകയും ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും രോഗികളുടെ ചികിത്സ ക്രമീകരിക്കുകയും ചെയ്തു.

പങ്കെടുത്ത അഞ്ചില്‍ നാലു പേരും ചികിത്സയ്ക്കിടെ തങ്ങളുടെ രോഗലക്ഷണങ്ങള്‍ ഭേദപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ലോത്തിയാന എന്‍എച്ച്എസിലെ 97 ശതമാനം പേര്‍ക്കും ഫലം ലഭിച്ചു. 92 ശതമാനം പേര്‍ക്ക് എഐ ഫിസിയോക്ക് ഉടന്‍ അംഗീകാരം ലഭിക്കുകയും അതേ ദിവസംതന്നെ അപ്പോയ്‌ന്‌റ്‌മെന്‌റ് ആക്‌സസ് നല്‍കുകയും ചെയ്തു. അഞ്ച് ശതമാനം പേര്‍ സ്വയമേവ ജനറല്‍ ഫിസിഷന്‍ പോലുള്ള എന്‍എച്ച്എസ് സംവിധാനത്തിലേക്ക് റഫര്‍ ചെയ്യപ്പെട്ടു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകളിലെ ട്രയലുകളില്‍ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത് ഫിസിയോതെറാപ്പിയുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഡിജിറ്റല്‍ ക്ലിനിക് സഹായിച്ചു എന്നാണ്.

ഓരോ രോഗിക്കും അവരുടെ ഫീഡ്ബാക്ക്, ലക്ഷണങ്ങള്‍, രോഗപുരോഗതി എന്നിവ അനുസരിച്ച് വ്യക്തിഗത പരിചരണം ഉറപ്പാക്കുന്നതാണ് തങ്ങളുടെ സാങ്കേതിക വിദ്യയെന്ന് സ്റ്റീവെന്‍സണ്‍ പറയുന്നു. ഇത് ഒരു ഫിസിയോതെറാപ്പിസ്റ്റുമായി വീഡിയോകോള്‍ ചെയ്യുന്നതുപോലെയാണ്. എന്നാല്‍ കോളിന്‌റെ തങ്ങളുടെ ഭാഗം സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കും.

രോഗനിര്‍ണയത്തിന് വിപരീതമായി ഈ സിസ്റ്റം സ്വയം വിലയിരുത്തലും ട്രയേജും നല്‍കുന്നു. ഒരു രോഗിക്ക് ഫിസിയോതെറാപ്പിയിലേക്ക് പെട്ടെന്ന് ആക്‌സസ് ലഭിക്കുമോ അതോ ജനറല്‍ ഫിസിഷന്‍, എന്‍എച്ച്എസ് സേവനത്തിലേക്ക് റഫര്‍ ചെയ്യപ്പെടുമോ എന്ന് നിര്‍ണയിക്കാന്‍ ഫ്‌ളോക്ക് ഒരു ഓട്ടോമേറ്റഡ് പ്രോസസ് ഉപയോഗിക്കുന്നു. തീയതി കൃത്യമായി തീരുമാനിച്ചിട്ടില്ലെങ്കിലും ആദ്യ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പാര്‍ട്‌നറുമായി ചേര്‍ന്ന് ഈ വേനല്‍ക്കാലത്ത് എഐ ക്ലിനിക്ക് ആരംഭിക്കാനാണ് പദ്ധതി.

Be the first to comment

Leave a Reply

Your email address will not be published.


*