‘കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന’: മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങള്‍ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പോലീസ് സേനയുടെ ഭാഗമാകുന്നത് പോലീസിന്‍റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാന രംഗം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സൈബര്‍ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് തുടക്കത്തില്‍ തന്നെ സൈബര്‍ രംഗത്ത് നല്ല രീതിയില്‍ ഇടപെടാന്‍ കേരള പോലീസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പോലീസിങ്ങിന്‍റെ ഭാഗമായുള്ള വിവിധ മേഖലകളില്‍ മികവ് കാട്ടാന്‍ കേരള പോലീസിന് ആയിട്ടുന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തില്‍ സ്വായത്തമാക്കിയ മികവ് കാത്തുസൂക്ഷിക്കാനാണ് ഇന്നിവിടെ പാസിംഗ് ഔട്ട് കഴിഞ്ഞ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ അര്‍ത്ഥത്തിലും ജനമൈത്രി പൊലീസായി കേരള പൊലീസ് മാറിയിരിക്കുന്നുവെന്നും ആയിരക്കണക്കിന് അംഗങ്ങളുള്ള സേനയാകുമ്പോള്‍ സമൂഹത്തില്‍ കാണുന്ന ചില ദുഷ്പ്രവണതകള്‍ പൊലീസിലേയ്ക്കും കടന്നുവന്നേക്കാമെന്നും അത്തരത്തിലുള്ള പ്രവണതകള്‍ക്കെതിരെ നിങ്ങള്‍ ഓരോരുത്തരും ദൃഢമായ മനസ്സോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 376 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 158 പേരും കെ.എ.പി ഒന്ന്, മൂന്ന് ബറ്റാലിയനുകളില്‍ നിന്നായി യഥാക്രമം 113 പേരും 105പേരുമാണ് പരേഡില്‍ പങ്കെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*