പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനം; സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യമെന്ന് മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കണമെന്നും കേരളത്തിന് അനുയോജ്യമായ സ്വകാര്യ നിക്ഷേപം ആവാമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സംരക്ഷിക്കുന്നതിൽ നിന്ന് പിന്തിരിയില്ല. ചില ബഹുരാഷ്ട്ര കമ്പനികൾ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാൻ കേരളത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൻകിട വ്യവസായങ്ങളിൽ ചിലത് കേരളത്തിലേക്കു വരാൻ തയാറായിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ പലതും ഇവിടേയ്ക്കു വരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു.

സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകൾ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ചെയ്യുകയെന്നതാണു കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന് അനുയോജ്യമായതും പരിസ്ഥിതിക്കു കോട്ടംതട്ടാത്തതുമായ വ്യവസായങ്ങൾ മാത്രമേ സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു .

സംരംഭക വർഷം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് പുതുതായി 36,969 വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി ചടങ്ങിൽ പങ്കെടുത്ത വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്നു മാസംകൊണ്ടാണ് ഈ ലക്ഷ്യപ്രാപ്തി നേടാൻ കഴിഞ്ഞത്. സംസ്ഥാനത്തേക്കു കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*