കോട്ടയം: കൂട്ടിക്കൽ തേമ്പുഴയിൽ സിപിഐഎം നിർമിച്ച 25 സ്നേഹ വീടുകളുടെ താക്കോൽദാനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടമായ 25 കുടുംബങ്ങൾക്കാണ് പാർട്ടി വീട് നിർമ്മിച്ച് നൽകുന്നത്.
2021 ഒക്ടോബർ 16നാണ് കൂട്ടിക്കലിനെ പ്രളയം തകർത്തത്. കാഞ്ഞിരപ്പള്ളി ഏരിയായിലെ മുഴുവൻ പാർട്ടിയംഗങ്ങളിൽ നിന്നും പണംസ്വരൂപിച്ച് കൂട്ടിക്കൽ ടൗൺ വാർഡിലെ തേമ്പുഴയിൽ 2.10 ഏക്കർ സ്ഥലം വാങ്ങി വീട് നിർമാണം ആരംഭിച്ചു. ജില്ലയിലെ പാർട്ടി അംഗങ്ങൾ തൊഴിലാളികൾ, ബഹുജന സംഘടനകൾ, സർവീസ് സംഘടനകൾ എന്നിവരിൽനിന്ന് പണം ശേഖരിച്ചായിരുന്നു നിർമാണം. പൊതുജനങ്ങളും പങ്കാളികളായി.
പ്രളയം വിഴുങ്ങിയ ഒരു ചെറുഗ്രാമം പുനർനിർമിക്കുക എന്ന ദൗത്യമാണ് പൂർത്തിയാക്കിയതെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് 2022 ഫെബ്രുവരി 24ന് തറക്കല്ലിട്ടത്. കിടപ്പുമുറിയും, ഹാളും, അടുക്കളയും, വരാന്തയും അടങ്ങുന്ന വീടുകളാണിവ. റോഡ്, വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങൾ ഒരുക്കിയാണ് വീടുകൾ കൈമാറുന്നത്.
Be the first to comment