അതിരമ്പുഴ പള്ളിയിൽ പിണ്ടികുത്തി തിരുനാൾ ആചരിച്ചു

അതിരമ്പുഴ സെന്റ്.മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ അതിരമ്പുഴ പള്ളി വികാരി റവ.ഫാ. ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. അതിരമ്പുഴ പള്ളിയിലെ അറുപത്തിയഞ്ചോളം വരുന്ന കൂട്ടായ്മകൾ വാഴപിണ്ടികളിൽ ചിരാതുകൾ കത്തിച്ചു. അതിരമ്പുഴ പള്ളി മൈതാനത്തു നടന്ന ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

*പിണ്ടികുത്തി/ദനഹാ തിരുനാൾ 

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും മാത്രമൊതുങ്ങി നിൽക്കുന്ന ഒരാചാരമായി പിണ്ടിപ്പെരുന്നാളിനെ കാണാം. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവിൽ അറിയപ്പെടുന്നത്.

*ആചരണം

ജനുവരി അഞ്ചാം തിയതി, ഉച്ചതിരിയുമ്പോൾ തന്നെ വാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു. കത്തോലിയ്ക്കാ കുടുംബങ്ങളിൽ വൈകീട്ട് ഭക്തിയോടെ അർപ്പിക്കപ്പെടുന്ന കുടുംബപ്രാർത്ഥനയോട് ചേർന്നും പള്ളികളിൽ റംശാ പ്രാർത്ഥനയോടും ചേർന്ന് വളരെ ആഘോഷമായി തന്നെയാണ് പരമ്പരാഗതമായ പിണ്ടി തെളിയിയ്ക്കൽ നടത്താറ്. പളളികളിൽ ബഹു.വൈദികരും കുടുംബങ്ങളിൽ കുടുംബനാഥനും തിരി തെളിയിയ്ക്കുന്നതിന് കാർമ്മികത്വം വഹിയ്ക്കുന്നു. കുടുംബാംഗങ്ങൾക്കൊപ്പം പ്രദക്ഷിണഗീതം (എൽ പയ്യാ ഗീതം) ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളിലലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് തെളിക്കുന്നു. തുടർന്ന് പിറ്റേ ദിവസം (ആറാം തീയ്യതി) പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ ആകെ നാലു തവണ പിണ്ടി തെളിയിക്കുന്നു.

മിശിഹായുടെ മനുഷ്യത്വത്തിൽ പരിശുദ്ധ ത്രിത്വം പ്രകാശപൂരിതമാകുന്നതിന് സുവിശേഷത്തിൽ, മിശിഹായുടെ ജോർദ്ദാൻ നദിയിലെ മാമോദീസ വേള സുവ്യക്തമായ സാക്ഷ്യം നൽകുന്നുണ്ട്. സ്നാപക യോഹന്നാനിൽ നിന്നുള്ള മിശിഹായുടെ യോർദ്ദാൻ നദിയിലെ മാമോദീസയെ അനുസ്മരിച്ച്, ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം അനുസ്മരിക്കുകയാണിവിടെ.

ലോകത്തു മറ്റൊരിടത്തും ഇത്തരത്തിൽ വ്യാപകമായി ദനഹാ തിരുനാൾ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച് ) ആഘോഷിക്കുന്ന പതിവില്ല. ഒരു പരിധി വരെ സുറിയാനി കത്തോലിയ്ക്കാ സഭയുടെ സാംസ്കാരികാനുരൂപണത്തിന്റെ ഇന്നിന്റെ ഉദാഹരണം കൂടിയാണ്, മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പ്രഘോഷിക്കുന്ന പിണ്ടി പെരുന്നാൾ. സമയം വില പറയുന്ന തിരക്കുകളുടെയും അതിന്റെ അതിപ്രസരത്തിന്റേയും ഇക്കാലത്തും, ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഈ ആചരണം നടത്തുന്നത് സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിയ്ക്കാ സഭയുടെ പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണവും ഈ നാടിന്റെ സംസ്കാരവുമായി അവർ എത്ര മാത്രം ഇഴുകി ചേർന്നുവെന്നതിന്റെ അടയാളവുമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*