ചെങ്കണ്ണ്; കൂടുതൽ കരുതലോടെ

കേരളത്തിൽ ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ നമ്മുക്ക് കൂടുതൽ ശ്രദ്ധ വേണം. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല്‍ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവര്‍ക്കര്‍മാരുടേയും ജെപിഎച്ച്എന്‍മാരുടേയും സേവനവും ലഭ്യമാണ്. ഇവര്‍ വീടുകളില്‍ പോയി മറ്റ് രോഗങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നല്‍കുന്നതാണ്.

*എന്താണ് ചെങ്കണ്ണ്

കണ്ണിൻ്റെ കൺജങ്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ചെങ്കണ്ണ്‌. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം കണ്ജങ്റ്റിവൈറ്റിസ് എന്നാണ്. വിദേശ രാജ്യങ്ങളിൽ ഇത് ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലം കോശജ്വലനം സംഭവിക്കുന്നത് കൊണ്ടാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. തൽഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.

*രോഗ ലക്ഷണങ്ങള്‍

കണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ.

കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ കൺപോളകൾക്കു വീക്കവും തടിപ്പും, തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത, കണ്ണിൽ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്.

ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരേയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*