അത്യാധുനിക എഐ ഫീച്ചറുകള്‍, മികച്ച കാമറ അനുഭവം; പിക്‌സല്‍ 9 സീരീസുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ അടുത്ത തലമുറ പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിച്ചു.പിക്‌സല്‍ 9 സീരീസ് ഫോണുകളില്‍ ഗൂഗിള്‍ ജെമിനി കരുത്തുപകരുന്ന നിരവധി അത്യാധുനിക എഐ ഫീച്ചറുകളുണ്ട്. പുതിയ തലമുറ ടെന്‍സര്‍ ചിപ്‌സെറ്റോട് കൂടിയാണ് ഫോണുകള്‍ വരുന്നത്.

പിക്‌സല്‍ 9 സീരീസില്‍ നാലു ഫോണുകളാണ് അവതരിപ്പിച്ചത്. പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ് എല്‍, ഫോള്‍ഡബിള്‍ ആയിട്ടുള്ള പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നിവയാണ് ഈ മോഡലുകള്‍. ഇന്ത്യയില്‍ ഗൂഗിള്‍ പിക്‌സല്‍ 9 ന്റെ വില 79,999 രൂപയില്‍ ആരംഭിക്കും. അതേസമയം പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ എന്നിവയുടെ വില യഥാക്രമം 1,09,999 രൂപയും 1,24,999 രൂപയുമാണ്. ഇന്ത്യയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഓണ്‍ലൈനായും ക്രോമ, റിലയന്‍സ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടും ഫോണുകള്‍ വാങ്ങാന്‍ സാധിക്കും.

ഗൂഗിള്‍ ജെമിനി നല്‍കുന്ന പുതിയതും മെച്ചപ്പെടുത്തിയതുമായ നിരവധി എഐ ഫീച്ചറുകളുമായാണ് പിക്‌സല്‍ 9 സീരീസ് വരുന്നത്. ക്രിയേറ്റീവ് ഇമേജുകള്‍ക്ക് രൂപം നല്‍കുന്നതിന് പിക്‌സല്‍ സ്റ്റുഡിയോയില്‍ ഓണ്‍ ഡിവൈസ്, ക്ലൗഡ് അധിഷ്ഠിത മോഡലുകള്‍ സംയോജിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പിക്‌സല്‍ സ്‌ക്രീന്‍ഷോട്ട്‌സ് ആപ്പ് സഹായിക്കുന്നു. ഓഡിയോ നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ക്ലിയര്‍ കോളിംഗ് ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്.

പിക്സല്‍ വെതര്‍ ആപ്പ് എഐ അധിഷ്ഠിത കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ നല്‍കും. മാജിക് എഡിറ്ററും വീഡിയോ ബൂസ്റ്റും പോലുള്ള എഐ ഫീച്ചറുകള്‍ മികച്ച കാമറ അനുഭവം പകരും. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും ലഭിക്കാന്‍ ഈ ഫീച്ചര്‍ സഹായകമാകും.

6.3 ഇഞ്ച് ആക്ച്വ ഡിസ്‌പ്ലേയാണ് പിക്‌സല്‍ 9ല്‍ ക്രമീകരിച്ചിരിക്കുന്നത്. 50 എംപി മെയിന്‍ സെന്‍സര്‍, 12 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, ഓട്ടോഫോക്കസോടുകൂടിയ 42 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉള്‍പ്പെടുന്ന കാമറ സംവിധാനമാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ഉള്ള ഗൂഗിള്‍ ടെന്‍സര്‍ ജി4 ചിപ്പാണ് ഹാന്‍ഡ്സെറ്റിനുള്ളത്. ഏഴ് വര്‍ഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം, പിക്‌സല്‍ ഡ്രോപ്പ്‌സ്, സുരക്ഷാ അപ്ഡേറ്റുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

ഡിസ്പ്ലേ ഒഴികെയുള്ള അതേ സവിശേഷതകളുമായാണ് പിക്സല്‍ 9 പ്രോ എക്സ്എല്‍ വരുന്നത്. പിക്‌സല്‍ 9 പ്രോയിലെ 6.3 ഇഞ്ചിനു പകരം 6.8 ഇഞ്ച് സൂപ്പര്‍ ആക്ച്വ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.മികച്ച തെര്‍മല്‍ മാനേജ്മെന്റിനായി പിക്സല്‍ 9 പ്രോയും പിക്സല്‍ 9 പ്രോ എക്സ്എല്ലും വേപ്പര്‍ ചേമ്പറുമായാണ് വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*