കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും.സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം.അദ്ദേഹം എടുത്ത തീരുമാനം ശരിയാണെന്നും ഇനി കോൺഗ്രസിന് നല്ലകാലമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ബിജെപിയിൽ വിട്ടുവരുന്നവർ സിപിഎമ്മിലേക്കല്ല കോൺഗ്രസിലേക്കാണ് വരിക.ബിജെപി യുടെ വളർച്ച നിന്നു. സന്ദീപിന്റെ വരവ് പാലക്കാട് വലിയ വിജയം ഉണ്ടാക്കും. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഐഎമ്മിന് സന്ദീപ് കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ല.അദ്ദേഹം നാളെ പാണക്കാട് വന്ന് സാദിഖലി ശിഹാബ് തങ്ങളെ കാണുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ ഇരിപ്പിടം കിട്ടാതെ വന്നതോടെയാണ് സന്ദീപ് രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന സംഘപരിവാർ ബന്ധം മുറിക്കാൻ തീരുമാനിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യർ പറഞ്ഞു.താൻ ബിജെപി വിടാൻ കാരണം സുരേന്ദ്രനും സംഘവുമാണ്. ടെലിവിഷൻ ചർച്ചകളിൽ നിന്നും ബിജെപി വിലക്കി. താൻ ബിജെപിയിൽ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് വാര്യർ പറഞ്ഞു.ഇനിമുതൽ ഞാൻ കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ തുടരും. കോൺഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് പറഞ്ഞു. എന്നാൽ ഉപതിരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിയിൽ ഉണ്ടാക്കിയാണ് പാര്‍ട്ടി വിട്ടത്.
Be the first to comment