കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി

തിരുവനന്തപുരം : കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞ് പി കെ ശശി ഒഴിഞ്ഞുമാറി. യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ച വിഷയം ചോദിച്ചപ്പോളും കൃത്യമായ മറുപടിയുണ്ടായില്ല.

പി കെ ശശിക്കെതിരെ സിപിഐഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്.

പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു. പാര്‍ട്ടി നിയത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ ഇഷ്ട്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പി കെ ശശിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രവര്‍ത്തിച്ചുവെന്നും ഏരിയ സെക്രട്ടറി ഉള്‍പെടെ ഉള്ളവര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം കണ്ടെത്തി. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയും പിരിച്ചുവിട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*