കോട്ടയത്ത് അജ്ഞാത ജീവിയുടെ ശല്യം രൂക്ഷമായി; ആറ് പേർക്ക് കടിയേറ്റു

കോട്ടയം : മണിമല ഉള്ളായം, കടയനിക്കാട് പ്രദേശങ്ങളിൽ കുറുനരി എന്നു സംശയിക്കുന്ന അജ്ഞാത ജീവിയുടെ ശല്യം രൂക്ഷം. മൂന്നു ദിവസത്തിനുള്ളിൽ കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് കടിയേറ്റു. പ്രദേശത്ത് കുറുനരിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് ഇവിടെ കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് കടിയേറ്റത്. നായയാണ് ആക്രമിച്ചതെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ കടിച്ചത് കുറുനരി വർഗത്തിൽപ്പെട്ട ജീവിയാണെന്നും കടിയേറ്റവർ പറയുന്നുണ്ട്. ഉള്ളായം കുന്നപ്പള്ളിൽ റോസ്‌ലി, മഞ്ഞാക്കൽ പടി സ്വദേശി രവി, കോണേക്കടവ് പുത്തൻ പുരയ്ക്കൽ റജി പി. തോമസ്, പറമ്പുങ്കൽ സുധ, സ്‌കൂൾ വിദ്യാർഥിനി മിയ, കൊച്ചുപുരയ്ക്കൽ വീട്ടിൽ ജസ്‌ന എന്നിവർക്കാണ് കടിയേറ്റത്.

മിയ രാവിലെ അച്ഛന്‍റെ കൂടെ ബൈക്കിൽ സ്‌കൂളിൽ പോകുന്ന വഴിയാണ് കടിയേറ്റത്. രാജുവിൻ്റെ ഭാര്യ റോസ്‌ലിയെ വീടിനുള്ളിൽ കയറി വന്നാണ് കടിച്ചത്. ഇവരുടെ കൈത്തണ്ടയിലാണ് കടിയേറ്റത്. രവിയുടെ മൂക്കിലാണ് കടിയേറ്റത്. ആക്രമണത്തിന് ഇരയായവരെല്ലാം ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടി.

പ്രദേശത്ത് ഇറങ്ങിയിരിക്കുന്നത് കുറുനരിയാണെന്ന സംശയം ഉയർന്നതോടെ ഇതിനെക്കണ്ടത്താനുള്ള തെരച്ചിൽ ആരംഭിച്ചതായി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് അറിയിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ ജീവി ഇറങ്ങിയിരിക്കുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*