ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍

ഹമാസിനെതിരായ സൈനിക നടപടിയുടെ പേരില്‍ ഗാസയില്‍ കടന്നുകയറ്റം നടത്തുന്ന ഇസ്രയേലിനും അവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന അമേരിക്കയ്ക്കുമെതിരേ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരുകൂട്ടര്‍ക്കുമെതിരേ പ്രതിഷേധവുമായി നിരവധി രാജ്യങ്ങളാണ് പ്രത്യക്ഷത്തില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിരവധി അംഗങ്ങളാണ് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ മൈക്കിള്‍ ടെയ്‌ലറിനെ നേരിട്ട് പ്രതിഷേധമറിയിച്ചത്. ജനീവയിലെ അന്താരാഷ്ട്ര പൗര-രാഷ്ട്രീയ അവകാശ ഉടമ്പടിയുമായി ബന്ധപ്പെട്ട് രണ്ടു ദിവസം നീണ്ടുനിന്ന ആനുകാലിക അവലോകനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രസംഗത്തിനിടയിലാണ് പ്രതിഷേധം.

ടെയ്‌ലറിന്റെ പ്രസംഗത്തിനിടയില്‍ ചില പ്രതിനിധികള്‍ എഴുന്നേറ്റ് പുറം തിരിഞ്ഞ് നിന്നാണ് പ്രതിഷേധിച്ചത്. മനുഷ്യാവകാശ പ്രശ്‌നങ്ങളോട് അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രതികരണമില്ലായ്മയില്‍ വിയോജിച്ചായിരുന്നു പ്രതിഷേധം. പലസ്തീനികള്‍ക്കെതിരെ നടത്തുന്ന വംശഹത്യ കാരണം ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സ്‌പെയിനിലെ സാമൂഹ്യാവകാശ മന്ത്രിയുടെ ചുമതല വഹിക്കുന്ന അയോണ്‍ ബെലാറയും ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ദുരിതം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് ഐക്യരാഷ്ട്ര സഭയും നല്‍കുന്നുണ്ട്. നിലവില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. 

Be the first to comment

Leave a Reply

Your email address will not be published.


*