25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും’; ഐക്യത്തിന് ആഹ്വാനം ചെയ്‌ത് മോദി

ന്യൂഡല്‍ഹി: വരുന്ന 25 വര്‍ഷം കൊണ്ട് ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും ഐക്യം പ്രധാനമാണെന്നുമുള്ള പ്രസ്‌താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ ഐക്യവും അഖണ്ഡതയും വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വഡ്‌താലിലെ ശ്രീ സ്വാമിനാരായണ മന്ദിറിന്‍റെ 200-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെ ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള നമ്മുടെ പ്രതിജ്ഞയിൽ പങ്കുചേരാൻ രാജ്യത്തെ എല്ലാ പൗരന്മാരോടും സ്വാമിനാരായണൻ വിഭാഗത്തിലെ സന്യാസിമാരോടും താൻ അഭ്യർഥിക്കുന്നു. നമ്മുടെ ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ സമയത്താണ് സ്വാമിനാരായൺ നമുക്ക് പുതിയ ശക്തി നൽകിയതെന്നും സ്വാമിനാരായണ മന്ദിറിന്‍റെ 200-ാം വാർഷിക ആഘോഷങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു.

വിക്‌സിത് ഭാരത് (വികസിത ഇന്ത്യ) എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്നും മോദി ചൂണ്ടിക്കാട്ടി. ‘ഞാനും നിങ്ങളും, നമ്മൾ എല്ലാവരും ഒരു വികസിത ഇന്ത്യയ്‌ക്ക് വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കണം. വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ പ്രോത്സാഹിപ്പിക്കണം’ എന്ന് മോദി വ്യക്തമാക്കി. യുവാക്കളെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ സ്വാമിനാരായണ സമൂഹം എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നുവെന്നും, ഇത് തുടരണമെന്നും മോദി ആവശ്യപ്പെട്ടു.

വികസിത ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ആദ്യ വ്യവസ്ഥ രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുകയാണ്. ജാതിയുടെയും ലിംഗത്തിന്‍റെയും പേരിൽ രാജ്യത്തെ വിഭജിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ വ്യക്തിയുടെയും ജീവിതത്തിന് അതിനെ നിർവചിക്കുന്ന ഒരു ലക്ഷ്യമുണ്ട്, നമ്മുടെ ജീവിത ലക്ഷ്യം കണ്ടെത്തുമ്പോള്‍ നമ്മള്‍ ജീവിതത്തില്‍ വിജയിക്കുന്നു. നമ്മുടെ സമൂഹത്തിന് സന്യാസിമാരുടെയും മഹത്തായ സംഭാവനയാണ് എല്ലാ യുഗങ്ങളിലും മനുഷ്യരാശിയെ അതിന്‍റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ സഹായിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വാമിനാരായാണന്‍റെ ഓര്‍മയ്ക്കാ‌യി കേന്ദ്ര സര്‍ക്കാര്‍ 200 രൂപയുടെ ഒരു വെള്ളി നാണയവും സ്‌റ്റാമ്പും പുറത്തിറക്കി. ‘200 വർഷങ്ങൾക്ക് മുമ്പ് സ്വാമി നാരായണൻ ഉണ്ടാക്കിയെടുത്ത വടാൽ ധാമിന്‍റെ ആത്മീയ ബോധം ഇപ്പോഴും നമ്മള്‍ നിലനിര്‍ത്തി പോരുന്നു. സ്വാമിനാരായണന്‍റെ അധ്യാപനവും നമ്മള്‍ ഇപ്പോഴും പിന്തുടരുകയാണ്. അദ്ദേഹത്തിന്‍റെ സ്‌മരണക്കായി കേന്ദ്ര സര്‍ക്കാര്‍ 200 രൂപയുടെ ഒരു വെള്ളി നാണയവും സ്‌റ്റാമ്പും പുറത്തിറക്കിയതിൽ എനിക്ക് സന്തോഷമുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*