‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗത്തില്‍ ശിക്ഷാവിധിയുണ്ടാവണം’; പ്രധാനമന്ത്രി

സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങൾ കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. സ്ത്രീസുരക്ഷക്കായി രാജ്യത്തുള്ള നിയമങ്ങൾ കുറച്ചുകൂടി കാര്യക്ഷമമാക്കണമെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വിധി വേഗത്തിൽ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. സുപ്രീംകോടതി സംഘടിപ്പിച്ച ജില്ല ജുഡീഷ്യറി കോൺഫറൻസിലാണ് പരാമർശം. അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും കത്തയച്ചതിന് പിന്നാലെയാണ് പ്രതികരണം.

ഇതിനിടെ മമതക്ക് മറുപടിയുമായി വനിതാ ശിശു വികസന മന്ത്രി അന്നപൂർണാ ദേവി രംഗത്തുവന്നു. മമതയുടെ കത്തിലെ വിവരങ്ങൾ വസ്തുതാപരമായി തെറ്റാണെന്നും അതിവേഗ കോടതികൾ പ്രവർത്തനക്ഷമമാക്കുന്നതിലെ സംസ്ഥാനത്തിന്റെ കാലതാമസം മറയ്ക്കാനുള്ള ശ്രമമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിന് നേതൃത്വം നൽകിയ ‘പശ്ചിം ബംഗ ഛത്ര സമാജ്’ എന്ന സംഘടനയുടെ നേതാവ് സയൻ ലാഹിരിയെ മോചിപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം ഡോക്ടറുടെ കൊലപാതകത്തിന്റ പശ്ചാത്തലത്തിൽ, സെപ്റ്റംബർ 14 കൊൽക്കത്തയിൽ നിശ്ചയിച്ചിരുന്ന ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടി മാറ്റി വച്ചു. ദാരുണവും ഹീനവുമായ സംഭവം തന്നെ ആഴത്തിൽ ബാധിച്ചിരിക്കുന്നുവെന്ന് ശ്രേയ ഘോഷാൽ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*