സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പോലീസ് അറസ്റ്റുചെയ്തു. മുന്‍ ജീവനക്കാരനെ തടങ്കലില്‍വെച്ച് മര്‍ദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ചെന്നൈയില്‍ കെജിഎഫ് മെന്‍സ് വെയര്‍ എന്ന പേരില്‍ തുണിക്കടകള്‍ നടത്തുന്ന വിക്കി വില്‍പ്പനയുടെ ഭാഗമായി പുറത്തിറക്കിയ യുട്യൂബ് വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്.

വിക്കിയുടെ കടയില്‍ ജോലി ചെയ്തിരുന്ന റിസ്വാന്‍ എന്ന 19കാരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. റിസ്വാനെ വിക്കിയുടെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് വാഷര്‍മാന്‍പേട്ടയിലെ കടയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവം. സമൂഹ മാധ്യമങ്ങളില്‍ താരമായിരുന്ന വിക്കി മുമ്പ് കുറച്ചുകാലം ബിജെപി അംഗമായിരുന്നുവെങ്കിലും അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

റിസ്വാൻ്റെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തൻ്റെ കടയില്‍ ജോലി ചെയ്യുമ്പോള്‍ റിസ്വാന്‍ പണം മോഷ്ടിക്കുകയും മുന്‍കൂറായി വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചു തന്നില്ലെന്നും വിക്കി ആരോപിച്ചു. രണ്ട് ദിവസം റിസ്വാനെ വിക്കി തൻ്റെ ഗോഡൗണില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് റിസ്വാൻ്റെ കുടുംബാംഗങ്ങള്‍ 30,000 രൂപ എത്തിച്ച് ബാക്കി തുക ഉടന്‍ നല്‍കാമെന്ന ഉറപ്പിലാണ് വിക്കി ഇയാളെ മോചിപ്പിച്ചത്. പുറത്തിറങ്ങിയ ശഷം റിസ്വാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ബന്ദിയാക്കി മര്‍ദ്ദനമേറ്റതായി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*