പൊലീസ് വയർലെസ് ചോർത്തി; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ് എടുത്തത്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നാണ് പരാതി. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ്.

പി വി അന്‍വര്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അതീവ രഹസ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കമ്മ്യൂണിക്കേഷന്‍ മെസേജുകള്‍ ചോര്‍ത്തുന്ന ഷാജന്‍ സ്‌കറിയയുടെ പാസ്പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ഇയാളും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോര്‍ത്തുന്ന മെസേജുകള്‍ മറ്റിടങ്ങളിലേക്ക് കൈമാറാനാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും എംഎല്‍എ പരാതിയില്‍ ഉന്നയിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്തോയെന്ന് സംശയിക്കണമെന്നും പി വി അന്‍വര്‍ പരാതിയില്‍ ചൂണ്ടികാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*