പാലാ നഗരസഭയിലെ എയർപോട് വിവാദത്തിൽ വൻ ട്വിസ്റ്റ്; എയർപോട് പോലീസിന് ലഭിച്ചു

പാലാ നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചു. എന്നാൽ സ്വകാര്യതമാനിച്ച് ആരാണ് എയർപോഡ് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം പാലാ നഗരസഭയിലെ എൽഡിഎഫിൽ വീണ്ടും എയർപോഡ് വിവാദം സജീവമാകുകയാണ്. തമ്മിൽ തല്ലും മോഷണവും അടക്കം ഇല്ലാത്തതെല്ലാമുണ്ട് പാല നഗസഭ ഭരിക്കുന്ന എൽഡിഎഫിനുള്ളിൽ. ഏറ്റവും അവസാനം ഒരു എയർപോഡ് മോഷണമാണ് എൽഡിഎഫിന് പൊല്ലാപ്പായിരിക്കുന്നത്.

കൗൺസിൽ ഹാളിൽ വെച്ചാണ് കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ എയർപോഡ് കാണാതാകുന്നത്. പ്രതിപക്ഷത്തേക്ക് പോലും നോക്കാതെ ആരോപണം ഒപ്പമുള്ള സിപിഐഎം കൌൺസിലർ ബിനു പിളിക്കകണ്ടത്തിന് നേരെ ജോസ് തൊടുത്തുവിട്ടു. പിന്നാലെ ബിനുവിന്റെ വീട്ടിൽ എയർപോഡ് ലൊക്കേഷൻ കാണിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. ഇതോടെ കേസ് പൊലീസിന് മുന്നിലേക്ക് എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാം കെട്ടിപൂട്ടിവെച്ചങ്കിലും വീണ്ടും എയർപോഡ് വിവാദം ആളികത്തുകയാണ്.

എയർപോഡ് ലഭിച്ച ഒരാൾ പോലീസിന് കഴിഞ്ഞ ദിവസം ഇത് കൈമാറുകയായിരുന്നു. എന്നാൽ ഇതാരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ സിപിഐഎം കൌൺസിലർ വീണ്ടും വെട്ടിലായിരിക്കുകയാണ്. സിപിഐഎം കൗൺസിലർ ബിനു തന്നെയാണ് എയർപോഡ് കാണാതായതിന് പിന്നിലെന്നാണ് കേരള കോൺഗ്രസ് എം കൗൺസിലർമാർ പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണ വിവരങ്ങൾ പോലീസ് പുറത്ത് വിടണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് സിപിഐഎം കൗൺസിലർ പറയുന്നത്. 22 തിയതി കൗൺസിൽ യോഗം ചേരുബോൾ വിഷയം വീണ്ടും സജീവ ചർച്ചയാകും.

Be the first to comment

Leave a Reply

Your email address will not be published.


*