നഗ്നത കാണാൻ കഴിയുന്ന കണ്ണട നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

ചെന്നൈയിൽ അപൂർവ കണ്ണാടിയും പുരാവസ്തുക്കളും നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലിസ് പിടികൂടി. മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേരെയാണ് ചെന്നൈ കോയമ്പേട് പൊലിസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു.

വസ്ത്രങ്ങളുണ്ടെങ്കിലും നഗ്നത കാണാൻ കഴിയുന്ന കണ്ണാടി, നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ അങ്ങനെ എല്ലാമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പു നടത്തിയിരുന്നത്. ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ’ നാദിയ മൊയ്തുവിൻ്റെ ഗേളി മാത്യു മോഹൻലാലിൻ്റെ ശ്രീകുമാർ എന്ന കഥാപാത്രത്തെ പറ്റിക്കുന്ന കണ്ണാടിയായിരുന്നു സംഘത്തിൻ്റെ പ്രധാന തട്ടിപ്പ് വിദ്യ. ലക്ഷങ്ങൾ തട്ടിയ ശേഷം കണ്ണാടി വാങ്ങാൻ വരുമ്പോൾ, അത് താഴെയിട്ട് പൊട്ടിയ്ക്കും. എന്നിട്ട് പൊലിസിൽ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം നൽകിയവരെ പറഞ്ഞുവിടും. ഇതിനു വഴങ്ങാത്തവരെ ഇവർ തന്നെ ഏർപ്പാടാക്കിയ ഡമ്മി പൊലിസെത്തി ഭീഷണിപ്പെടുത്തും. മാനക്കേട് ഭയന്ന് ആരും പരാതിപ്പെടാറില്ലായിരുന്നു.

അതിനിടെയാണ് ആറു ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി തിരുവാണ്മിയൂർ സ്വദേശി നാഗരാജൻ കോയമ്പേട് പൊലീസിൽ പരാതി നൽകിയത്. ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ വച്ചാണ്, ബംഗളൂരു സ്വദേശി ശിവ സൂര്യ, നാഗരാജനിൽ നിന്നും പണം വാങ്ങിയത്. എന്നാൽ പറഞ്ഞ വസ്തുക്കൾ ലഭിച്ചില്ല. ഇത് ചോദ്യം ചെയ്തതോടെ, തോക്കു കാട്ടി ഭീഷണിപ്പെടുത്തി. ഇതോടെയാണ് നാഗരാജൻ പൊലീസിനെ സമീപിച്ചത്. ലോഡ്ജിലെത്തിയ പൊലീസ് സംഘം നാലുപേരെയും അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒരു തോക്കും ഒൻപത് വെടിയുണ്ടകളും കണ്ടെത്തി. പൊലീസ് ഉപയോഗിയ്ക്കുന്ന വിലങ്ങുകളും ഡ്യൂപ്ളിക്കേറ്റ് ഐഡി കാർഡുകളും കൂടാതെ, പുരാവസ്തുക്കളെന്ന വ്യാജേനെ ആളുകളെ പറ്റിയ്ക്കുന്ന ചെമ്പ് പാത്രങ്ങളും കണ്ണാടികളും പുരാതന നാണയങ്ങളും ആറ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*