തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിലെ പൊലീസിന്റെ ഇടപെടലിൽ ‌ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പോലീസ് ഇടപെടല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സ‍ർക്കാരിന്റെ വിശദീകരണം തേടിയത്. ഇതിനിടെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയിൽ പോലീസ് കമ്മീഷണ‍ർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

തൃശ്ശൂർ പോലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

പോലീസിന്റെ അമിത നിയന്ത്രണം മൂലം തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ വീഴ്ച യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സർക്കാരിനെതിരെ വലിയ ആയുധമാക്കിയിരിക്കുകയാണ്. പൂര ദിവസം സംഘാടകരെ അടക്കം പോലീസ്  തടയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പട്ടയും കുടയും കൊണ്ടുവന്നവരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലായിരുന്നു തടഞ്ഞത്. വിഷയത്തിൽ ഇടതു മുന്നണിയും എൽഡിഎഫ് സ്ഥാനാർത്ഥികളും നടപടി ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*