ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം ഒറിജിനലാണോയെന്ന് പരിശോധിക്കും; പ്രതികൾ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പോലീസ്

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ
പ്രതികൾ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. 2 മാസത്തിനിടയിൽ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളിൽ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും.

അതേസമയം ഡോക്ടർ ശ്രീക്കുട്ടിയുടെ എം ബി ബി എസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതും പരിശോധിക്കും. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും വിവരങ്ങൾ തേടും. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ വകുപ്പിന് പോലീസ് കൈമാറും.

നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും. ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കേസില്‍ ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*