അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം ഔദ്യോഗിക പദവിക്ക് ചേരാത്ത തരത്തിൽ പെരുമാറിയതിന് ഇയാൾക്കെതിരായ അച്ചടക്ക നടപടികളിൽ മാർച്ച് നാലിന് വാദം കേൾക്കും.

2023 ജനുവരി 23നാണ് ഇന്ത്യൻ വിദ്യാര്‍ത്ഥിനിയായ ജാൻവി കണ്ടുല (23) അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിനിയായിരുന്ന ജാൻവി നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.  കെവിൻ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു അപകടം. ഈ സമയം  ഏതാണ്ട്  119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ 100 അടിയോളം അകലേക്ക് ജാൻവി തെറിച്ചുവീണു.

സ്വാഭാവിക സംശയത്തിനപ്പുറം ക്രിമനൽ കേസ് തെളിയിക്കാനാവശ്യമായ തെളിവുകള്‍ പൊലീസുകാരനെതിരെ ഇല്ലെന്നാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോർണി അറിയിച്ചത്. എന്നാൽ അപകട സമയത്ത് സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻവിവാദങ്ങളും ഉടലെടുത്തിരുന്നു. ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്

Be the first to comment

Leave a Reply

Your email address will not be published.


*