ബസ്സിനുള്ളിൽ കുഴഞ്ഞു വീണ വയോധികന് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ: വീഡിയോ

കോട്ടയം: സ്വകാര്യ ബസ്സിനുള്ളിൽ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികന് ഫസ്റ്റ് എയ്ഡ് നൽകി ജീവൻ രക്ഷിച്ച് കോട്ടയം ജില്ലാ പോലീസിലെ 5 സിവിൽ പോലീസ് ഉദ്യോഗസ്ഥർ.

കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്‍ വെച്ചാണ് സംഭവം. വാഴൂർ സ്വദേശിയായ വയോധികൻ കൊടുങ്ങൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുവാനായി ബസ്സിൽ കയറുകയായിരുന്നു. ഇടയ്ക്ക് കളത്തിപടിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സീറ്റിലേക്ക് കുഴഞ്ഞു വീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.

ഇതേ ബസ്സിൽ പൊൻകുന്നത്തുനിന്നും പ്രതികളുമായി കോട്ടയത്തേക്ക് വരികയായിരുന്ന ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പോലീസ് ഉദ്യോഗസ്ഥരായ ഷമീർ സമദ്, അൻസു പി.എസ്, മഹേഷ്, പ്രദീപ് റ്റി.ആര്‍ എന്നിവരും, കൂടാതെ ബസ്സിനുള്ളിൽ മുണ്ടക്കയത്ത് നിന്നും കയറിയ കോട്ടയം സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനായ ജോബിന്‍സ് ജെയിംസും ചേർന്ന് വയോധികന് ഫസ്റ്റ് എയ്ഡായ സി.പി.ആർ നൽകുകയും, അല്‍പ സമയത്തിനുള്ളില്‍ വയോധികന് ആശ്വാസം അനുഭവപ്പെടുകയുമായിരുന്നു.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് ബസ് ജില്ലാ ആശുപത്രിയിലേക്ക് പോകുവാൻ അറിയിച്ചതിനെത്തുടർന്ന് ഡ്രൈവർ വാഹനം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് പരിശോധനക്ക് ശേഷം വയോധികന്‍ അപകടനില തരണം ചെയ്തന്നും, തക്ക സമയത്ത് സി.പി.ആർ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാൻ ആയതെന്നും ഡോക്ടർ പറഞ്ഞു. 

 

Be the first to comment

Leave a Reply

Your email address will not be published.


*