‘ഇ പി ജയരാജനുമായി കരാറില്ല’; ആത്മകഥ വിവാദത്തില്‍ രവി ഡിസിയുടെ മൊഴിയെടുത്ത് പോലീസ്

ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതിയില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്ത് പോലീസ്. ഇ പി ജയരാജനുമായി കരാറില്ലെന്ന് രവി ഡി സി മൊഴി നല്‍കി. കോട്ടയം ഡിവൈഎസ്പിയാണ് കെജി അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് ഉടന്‍ കൈമാറും.

ആത്മകഥ വിവാദത്തില്‍ പോലീസ് ഇ പി ജയരാജന്റെ മൊഴി നേരത്തെ എടുത്തിരുന്നു. ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരില്‍ പുറത്തു വന്ന പുസ്തകത്തിന്റെ ഭാഗങ്ങളാണ് വിവാദമായത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്നാണ് ഇ പി പറഞ്ഞത്. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് ഇന്നും. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണിത്. ഞാന്‍ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സും, മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാന്‍ താത്പര്യമറിയിച്ചു. മാതൃഭൂമിയുടെ ശശിയും ഞാനുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അങ്ങനെ നില്‍ക്കുയാണ് പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമം – ഇ പി വിശദീകരിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥ എന്ന പേരില്‍ പുറത്ത് വന്ന ഭാഗങ്ങളിലെ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിലും അതൃപ്തി. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനും ദോഷമുണ്ടാക്കും തുടങ്ങിയ നിരവധി വിവാദമായ പരാമര്‍ശങ്ങളാണ് പുറത്ത് വന്ന ഭാഗങ്ങളില്‍ ഉണ്ടായിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*