ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം

ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. വോട്ടെടുപ്പ് അടുക്കുമ്പോള്‍ കണക്കൂകൂട്ടലുകള്‍ തെറ്റിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധികളാണ് ബിജെപിയും കോണ്‍ഗ്രസും നേരിടുന്നത്. വിമതരുടെ സാന്നിധ്യമാണ് ഇരുപാര്‍ട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 13 നേതാക്കളെ പുറത്താക്കുകയും ഇവര്‍ വിമതരായി രംഗത്തെത്തുകയും ചെയ്തതാണ് കോണ്‍ഗ്രസിന് ഹരിയാന പ്രതീക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. 

എഎപിയുമായി നടത്തിയ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതും കോണ്‍ഗ്രസ് ക്യാംപിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. അവസാന നിമിഷം പാര്‍ട്ടിയില്‍ കെട്ടുറപ്പുണ്ടായക്കാന്‍ രാഹുല്‍ ഗാന്ധി തന്ന സംസ്ഥാനത്ത് രംഗത്തിറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ മുതല്‍ നാല് ദിവസം സംസ്ഥാനത്തുടനീളം രാഹുല്‍ ഗാന്ധി പര്യടനം നടത്തും. സെപ്തംബര്‍ 29 മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെയാണ് രാഹുലിന്റെ സംസ്ഥാന പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

 മുന്നണിയിലെ കെട്ടുറപ്പ് ഉറപ്പക്കുക, വിഭാഗീയത അവസാനിപ്പിക്കു, തിരഞ്ഞെടുപ്പില്‍ സാധ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യങ്ങള്‍. കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് യാത്ര മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധി നേരത്തെ പര്യടനം നടത്തിയ സ്ഥലങ്ങളും നാല് ദിന പര്യടനത്തില്‍ ഒഴിവാക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍വസന്നാഹങ്ങളുമായി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. 

രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹരിയാനയില്‍ അടുത്തയാഴ്ച രണ്ട് റാലികളെ അഭിസംബോധന ചെയ്യും. കൂടാതെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പം യാത്രയില്‍ പങ്കെടുക്കും. സെപ്തംബര്‍ 30, ഒക്ടോബര്‍ 2 തീയതികളിലായിരിക്കും പ്രിയങ്ക യാത്രയുടെ ഭാഗമാകുക. എന്‍ഡിഎ മുന്നണി സംവിധാനം തകര്‍ന്നതാണ് ബിജെപിയുടെ തുടര്‍ഭരണ സാധ്യതകളില്‍ മങ്ങല്‍ വീഴ്ത്തുന്നത്. 

രണ്ട് തവണയായി അധികാരത്തില്‍ തുടരുന്ന ബിജെപിക്ക് ഹരിയാനയില്‍ മൂന്നാം ടേം അത്ര എളുപ്പമാകില്ലെന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി (ബിഎസ്പി) സഖ്യം. ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയും (ജെജെപി) ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയുമായുള്ള (എഎസ്പി) സഖ്യം എന്നിവയുടെ സാന്നിധ്യവും പല മണ്ഡലങ്ങളിലും നിര്‍ണായകമായേക്കും. ആം ആദ്മി പാര്‍ട്ടിയും (എഎപി) ഭൂരിപക്ഷം സീറ്റുകളിലും മത്സരത്തിനുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*