മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസും സിപിഎമ്മും

ന്യൂഡൽ‌ഹി: രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീംങ്ങൾക്കു നൽകുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാജ്യത്തെ സ്വത്തിൻ്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അഭിപ്രായം കൂടി ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിവാദ പരാമർശം.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അടിയന്തര നടപടിയെടുക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് റാലികളിൽ നിന്നടക്കം വിലക്കണം. പൊതുജനങ്ങളെ അടക്കം സംഘടിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടപരാതി അയക്കാനാണ് തൃണമൂൽ കോൺഗ്രസ് ആലോചിക്കുന്നത്.

രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്നായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞത്. കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നതനുസരിച്ച് അമ്മമാരുടേയും സഹോദരിമാരുടേയും കൈവശമുള്ള സ്വർണം വിതരണം ചെയ്യും. രാജ്യത്തിന്‍റെ സമ്പത്തിനു മുകളിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്നുമായിരുന്നു മൻമോഹൻ സിംഗ് സർക്കാരിന്‍റെ വാദമെന്നും മോദി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*