ഓര്‍മശക്തിക്കും മികച്ചത്, മാതളനാരങ്ങ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അകവും പുറവും ഒരേപോലെ പോഷകങ്ങൾ അടങ്ങിയ പഴമാണ് മാതള നാരങ്ങ. വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ മാതളനാരങ്ങ പലതരത്തിൽ നമ്മുടെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. മാതളത്തിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ് രോ​ഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നും അടുത്തിടെ നടന്ന ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മാതളത്തിൽ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളായ പോളിഫെനോൾ, എല്ലാഗിറ്റാനിനുകള്‍, എല്ലാജിക് ആസിഡ് ആമാശയത്തിൽ എത്തുമ്പോൾ ഇവയെ ദഹിപ്പിക്കാനായി പ്രവർത്തിക്കുന്ന ബാക്ടീരികൾ യുറോലിത്തിന്‍-എ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. യുറോലിത്തിന്‍-എ അൽഷിമേഴ്‌സിനെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. പോളിഫെനോളുകൾ കൂടാതെ ആന്റി-ഓക്സിഡന്റുകളായ പ്യൂണിലകാജിൻസ്, ആന്തോസയാനിനുകളും മാതളത്തിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് അൽഷിമേഴ്സിന് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

തലച്ചോറിന്റെ കൂടുതലായുള്ള ഓക്‌സിജന്‍ ഉപഭോഗവും ലിപിഡുകളുടെ തുടര്‍ച്ചയായ ചലനങ്ങളും ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തിനുള്ള സാധ്യതകള്‍ കൂട്ടും. മാതളനാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും അതുവഴി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കഴിയും.

നല്ല മാതളം എങ്ങനെ തിരഞ്ഞെടുക്കാം

ആകൃതി

പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്‌സഗണ്‍) ആയിരിക്കും. കൂടാതെ അതിന്റെ വശങ്ങള്‍ തള്ളിയ നിലയിലായിലും തോട് പരുക്കനുമായിരിക്കും. തോടില്‍ നിറവ്യത്യാസവുമുണ്ടാകും. അല്ലാത്തവ നല്ല വൃത്താകൃതിയിലും തോട് മിനുസമുള്ളതുമായിരിക്കും.

തട്ടി നോക്കാം

കൃത്യമായി പഴുത്ത മാതളത്തില്‍ തട്ടി നോക്കുമ്പോള്‍ കനത്ത, പൊള്ളയായ ശബ്ദം ഉണ്ടാകും. എന്നാല്‍ പഴുക്കാത്തവയില്‍ തട്ടുമ്പോള്‍ ശബ്ദം ഉണ്ടാകില്ല.

ഭാരം

പഴുക്കാത്ത മാതളത്തെക്കാള്‍ പഴുത്ത മാതളത്തിന് ഭാരമുണ്ടാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*