ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.). 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മരുന്നു കമ്പനികളിൽ നടത്തുന്ന വ്യാപക പരിശോധനയുടെ ഭാഗമായാണിത്.
മരുന്നിന്റെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് നടപടിയെടുത്തത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തോളമായി ആന്ധ്രാപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസഥാൻ, തെലങ്കാന, സിക്കിം, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബെംഗാൾ തുടങ്ങിയവിടങ്ങളിൽ ഡി.സി.ജി.ഐ പരിശോധന നടത്തി വരികയായിരുന്നു.
ഇന്ത്യൻ നിർമിത മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞമാസമാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഡസ് ലൈഫ്സയൻസസ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടിൽ മരുന്നുകൾ അമേരിക്കൻ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചത്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
Be the first to comment