ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ആശങ്കപ്പെട്ട അദ്ദേഹം ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”പലസ്തീനിന്റെയും ഇസ്രയേലിന്റെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന ശത്രുത മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഓരോ ദിവസവും എന്റെയുള്ളില്‍ വേദനയുണ്ടാക്കുന്നു. ആയിരക്കണക്കിനാളുകള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും, കുടിയിറക്കപ്പെടുകയും ചെയ്തു. ഈ രീതിയില്‍ നല്ലൊരു രാജ്യം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്? സമാധാനം ലഭിക്കുമെന്നാണോ കരുതുന്നത്? ദയവായി ഇത് നിര്‍ത്തൂ”, അദ്ദേഹം പറഞ്ഞു.
Be the first to comment